തിരുവനന്തപുരം: മരം മുറി വിവാദത്തില്‍ നിന്നും, മറ്റു വിവാദങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ പിആര്‍ സംവിധാനത്തിൻറെ സഹായം തേടുന്നു എന്ന ആരോപണം ശക്തമാകുന്നു. ഇതിന്റെ ഭാഗമായാണ് വൈകുന്നേരങ്ങളിലെ വാര്‍ത്താസമ്മേളനങ്ങളില്‍ ബോധപൂര്‍വ്വം ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും അതിന് മുന്‍കൂട്ടി തയ്യാറാക്കിയ മറുപടികള്‍ വായിക്കുകയുമാണ് ചെയ്യുന്നത് എന്നാണ് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പൊതുവായുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നത്. എന്നാല്‍, മാധ്യമരംഗത്തെ സിപിഎം ഫാക്ഷൻറെ പിന്‍ബലത്തോടെ മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി മുന്‍കൂട്ടി തയാറാക്കി നല്‍കുന്ന മറുപടിക്ക് അനുസരിച്ചാകും ചില മാധ്യമ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ചോദ്യങ്ങള്‍ എന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആരോപണമുന്നയിക്കുന്നത്.

വെള്ളിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ലോക്ഡൗണ്‍ ഇളവുകളും വിശദീകരിച്ചു. തുടര്‍ന്ന് മരംകൊള്ള വിഷയം ഉന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഊഴം കാത്തിരിക്കുകയായിരുന്നു. എന്നാല്‍, സിപിഎം അനുഭാവമുള്ള മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ കെപിസിസി പ്രസിഡന്റിന്റെ വിഷയം എടുത്തിട്ടു. ”കെപിസിസി അധ്യക്ഷനായിട്ടുള്ള കെ. സുധാകരന്‍ അടുത്തിടെ ഒരു വാരികയില്‍ എഴുതിയിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ..? കോളേജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മര്‍ദിച്ചിട്ടുണ്ടോ?” എന്ന ചോദ്യമാണ് ഉയര്‍ന്നത്. മരം കൊള്ളയില്‍ നിന്നും വിഷയം മാറ്റാനുള്ള ബോധപൂർവം ആയുള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ളതാണ് ഈ ചോദ്യം എന്ന ആരോപണമാണ് ഇപ്പോൾ എതിരാളികൾ ഉയർത്തുന്നത്. തുടര്‍ന്ന് കരുതി വച്ചിരുന്ന കടലാസുകള്‍ ഓരോന്ന് മറിച്ച്‌ സ്വന്തം അനുഭവത്തിലെന്ന പോലെ വായിക്കുകയായിരുന്നു. ഭാര്യയേയും കുട്ടികളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന അനുഭവം പങ്കുവയ്ക്കുമ്ബോഴും കൈയില്‍ കടലാസ് ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായ പി. രാമകൃഷ്ണന്റെ വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള വാക്കുകള്‍, മമ്ബറം ദിവാകരന്റെ പഴയ അഭിമുഖം, സി.എച്ച്‌. മുഹമ്മദ് കോയയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തുടങ്ങിയവയിലെ വാചകങ്ങള്‍ ഓരോ വരിസഹിതം ഉദ്ധരിച്ചാണ് മറുപടി. ഇത്തരത്തില്‍ ചോദ്യമുണ്ടാക്കുകയും അതിന് മറുപടി മുന്‍കൂട്ടി പിആര്‍ ഏജന്‍സി തയ്യാറാക്കുകയും ചെയ്തതാണെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നാണ് എതിർ രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അപ്രതീക്ഷിതമെന്ന് തോന്നിക്കുന്ന ചോദ്യങ്ങള്‍ക്ക് കടലാസു നോക്കി കണക്കുകള്‍ സഹിതം മുഖ്യമന്ത്രി വിവരിക്കുന്നതില്‍ പിആര്‍ ഏജന്‍സിയുടെ സാന്നിധ്യം മുമ്ബേ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് പിണറായി ഇത് നിഷേധിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ വളരെ ആസൂത്രിതമായ രീതിയിൽ ഇത്തരം രാഷ്ട്രീയ വിഷയങ്ങൾ ബോധപൂർവ്വം ഉൾക്കൊള്ളിക്കുന്നത് ആണ് എന്നും അദ്ദേഹത്തിന് വേണ്ടി ജോലിചെയ്യുന്ന പിആർ ഏജൻസി ആണ് ഇതിനു പിന്നിൽ എന്നുമുള്ള ആരോപണങ്ങൾ വീണ്ടും ശക്തമാകുകയാണ്. കോവിഡ് കണക്കുകളും, നിയന്ത്രണങ്ങളും സർക്കാർ തീരുമാനങ്ങളും ജനങ്ങളെ നേരിട്ട് അറിയിക്കുവാനുള്ള സംവിധാനം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മുഖ്യമന്ത്രി ഉപയോഗിക്കുന്നു എന്ന് ഗൗരവതരമായ ആരോപണം വരും ദിവസങ്ങളിൽ രാഷ്ട്രീയ എതിരാളികൾ കൂടുതൽ ശക്തമാക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഏതായാലും മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താസമ്മേളനം കേരളത്തിലെ രാഷ്ട്രീയ വിവാദത്തിന് വഴിമരുനിടുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്. ഇത്തരം വിവാദങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ ബോധപൂർവ്വം അകറ്റി നിർത്തുന്നു എന്ന ആരോപണം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായാണ് ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക