ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്ബോള്‍ ജനങ്ങള്‍ക്കിടയിലും ആശങ്ക പെരുകുകയാണ്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യാതിരുന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയര്‍ന്നു. ഒരു മണിക്കൂര്‍ കൊണ്ട് 0.10 അടിയാണ് ഉയര്‍ന്നത്. അതിനിടെ, മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച്‌ ജലവിഭവ വകുപ്പ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. സ്പില്‍വേ ഷട്ടര്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. തുലാവര്‍ഷം എത്തുമ്ബോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ ഇടയുണ്ട്. അനിയന്ത്രിതമായ അളവില്‍ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കൊണ്ട് ഇന്നലെ രംഗത്തുവന്നിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോള്‍ സംഭവിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞത്. അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിനും സമര സമിതി നേതാവ് റസ്സല്‍ ജോയിക്കുമെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി. കേരളത്തിന് ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജിനെതിരെ കോലം കത്തിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ ആണ് പ്രതിഷേധിച്ചത്. സുപ്രിംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടന്‍ പൃഥ്വിരാജ്, അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്.ആര്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. കലക്ടര്‍ക്കും എസ്‌പിക്കും പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്‌നാടിന്റെ താല്‍പര്യത്തിനെതിരാണെന്ന് എംഎ‍ല്‍എ വേല്‍മുരുകനും പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ നടന്‍ പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. 125 വര്‍ഷം പഴക്കം ചെന്ന അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തെ വിമര്‍ശിച്ച്‌ കൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ‘വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും ഈ 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ല. രാഷ്ട്രീയവും സാമ്ബത്തികവും അടക്കമുള്ളവ മാറ്റിവച്ച്‌ ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്. നമുക്ക് ഇവിടെ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.’ ക്യാംപെയിന് പിന്തുണ നല്‍കി പൃഥ്വി കുറിച്ചു. പൃഥിരാജിന്റെ കുറിപ്പിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക