കൊച്ചി : സംസ്ഥാനത്ത് മഴ കനത്തു. ഇന്നലെ തുടങ്ങിയ ശക്തമായ മഴ സംസ്ഥാനത്ത് മിക്കയിടത്തും തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്നുപേര്‍ മരിച്ചു. മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്ന് രണ്ട് പിഞ്ചുകുട്ടികള്‍ മരിച്ചു. കൊല്ലം തെന്മലയില്‍ ഒഴുക്കില്‍പ്പെട്ട് വയോധികനും മരിച്ചു.കരിപ്പൂര്‍ ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ ( 7 മാസം ) എന്നിവരാണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നാണ് അപകടമുണ്ടായത്. കൊല്ലം തെന്മല നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് തോട്ടില്‍ വീണ് മരിച്ചത്.

അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവയില്‍ ജലനിരപ്പുയര്‍ന്നു. ചാലക്കുടി കപ്പത്തോട് കരകവിഞ്ഞൊഴുകുകയാണ്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സമീപപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. എട്ടു പഞ്ചായത്തുകളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരം കമ്മളം പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങി.ആലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, ആലുവ മണപ്പുറം മുങ്ങി. ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം മുങ്ങി. ഇതേത്തുടര്‍ന്ന് ബലിതര്‍പ്പണം ദേവസ്വം ഹാളിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടമലയാര്‍ വൈശാലി ഗുഹയ്ക്കു സമീപം മണ്ണിടിഞ്ഞു. താളുംകണ്ടം, പൊങ്ങുംചുവട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. പാലക്കാട് അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് മണ്ണും പാറയും ഒഴുകിയെത്തി. ഇത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ റോഡിലേക്ക് പാറ ഒഴുകിയെത്തി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നെല്ലിപ്പുഴയില്‍ പത്തിലധികം വീടുകളില്‍ വെള്ളം കയറി. കഞ്ചിക്കോട്, നെന്മാറ മേഖലയില്‍ ഏക്കര്‍ക്കണക്കിന് നെല്‍കൃഷി വെള്ളത്തിനടിയിലായിമലപ്പുറം കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി.

തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു. കോഴിക്കോട് മാവൂര്‍ റോഡിലും വെള്ളം കയറി. ആലപ്പുഴ എംസി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം -ചെങ്കോട്ട രെയില്‍പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഉറുകുന്ന് ഭാഗത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട റെയില്‍ഗതാഗതം കടുത്ത പ്രയത്‌നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. അച്ചന്‍കോവിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പുനലൂരില്‍ 25 ഓളം വീടുകളില്‍ വെള്ളം കയറി. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മ്മാണത്തിനിടെ മണ്ണുമാന്തിയന്ത്രം തോട്ടില്‍ വീണു.

അഞ്ചല്‍-ആയുര്‍ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മേലുകാവ്- തൊടുപുഴ റോഡില്‍ രാത്രി വലിയ പാറ വീണു. പാറയില്‍ കാറിടിച്ച്‌ അപകടമുണ്ടായി.സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ ജാഗ്രതാ നിര്‍ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക