തിരുവനന്തപുരം: പഴവങ്ങാടിയില്‍ ഡ്യൂട്ടി തടസപ്പെടുത്തി പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിച്ച സിഐയ്ക്കൊപ്പം ഉണ്ടായിരുന്ന യുവതിയെ കുറിച്ച്‌ അന്വേഷണം. പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. സിഐയ്ക്ക് യുവതിയുമായുള്ള ബന്ധമാണ് പരിശോധിക്കുന്നത്. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സമയത്താണ് യുവതിയുമായി സിഐ അടുപ്പത്തിലായതെന്നാണ് വിവരം.

അതേസമയം സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്. ഹണി ട്രാപ്, തട്ടിപ്പ് കേസുകളില്‍ പൊലീസുകാരുടെ ഇടപെടലുകള്‍ ഉണ്ടാകുന്നതു സംബന്ധിച്ച്‌ പരാതികള്‍ ഉയരുന്നതിനിടെയാണ് എസ്‌എച്ച്‌ഒ പരസ്യമായി നിയമം ലംഘിക്കുകയും യുവതിയുമായി കറങ്ങുകയും ചെയ്തത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം നോ പാര്‍ക്കിംഗ് മേഖലയില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന്റെ പേരിലുള്ള തര്‍ക്കമാണ് സംഭവ പരമ്ബരകള്‍ക്ക് ഇടയാക്കിയത്. സിഐയുടെ നിയമവിരുദ്ധ നടപടിയെ ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും പരാതി പിന്‍വലിപ്പിച്ചതും അന്വേഷിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ഇങ്ങനെ:

ഗണപതി ക്ഷേത്രത്തിനു സമീപം മൊട്ടയടിച്ച്‌ ഏതാണ്ട് 40 വയസ് തോന്നിക്കുന്ന യുവാവും ഒപ്പം ഒരു യുവതിയുമായി കാറില്‍ എത്തുന്നു. നോ പാര്‍ക്കിംഗ് മേഖലയില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവതി ക്ഷേത്രദര്‍ശനത്തിനായി പോയി. യുവാവ് കാര്‍ ലോക്ക് ചെയ്ത് ക്ഷേത്രത്തിലേക്ക് നീങ്ങി. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരന്‍ മൊബൈല്‍ ഫോണില്‍ കാറിന്റെ ചിത്രങ്ങളെടുത്തു. ഇതുകണ്ട സിഐ മടങ്ങിവന്ന് പൊലീസുകാരനോട് തട്ടിക്കയറി. താന്‍ ആരാണെന്നു പോലും വ്യക്തമാക്കാതെയാണ് പൊലീസുകാരനോട് തട്ടിക്കയറിയത്.

നോ പാര്‍ക്കിംഗ് മേഖലയില്‍ കാറിടാന്‍ അനുവദിക്കില്ലെന്ന് പൊലീസുകാരന്‍ വ്യക്തമാക്കി.വൈകുന്നേരം 5.30നായിരുന്നു സംഭവം. ഈസമയത്ത് ക്ഷേത്രപരിസരത്ത് വന്‍ തിരക്കായിരുന്നു. പൊലീസുകാരന്റെ വാക്കുകേട്ട് കുപിതനായ സിഐ പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു. മാത്രമല്ല ട്രാഫിക് പൊലീസുകാരനെ അസഭ്യം പറയുകയും ചെയ്തു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്ന ചീറ്റ സ്‌ക്വാഡ് സ്ഥലത്തെത്തി. താന്‍ നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണെന്നും അപ്പോഴാണ് അയാള്‍ വെളിപ്പെടുത്തുന്നത്. ഇതു കേട്ടിട്ട് കുലുങ്ങാതെ പൊലീസുകാരന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടറിനെതിരെ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി.

തന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും നിയമവിരുദ്ധമായി വാഹനം പാര്‍ക്ക് ചെയ്യുകയും ചെയ്തെന്നായിരുന്നു പരാതി. എന്നാല്‍ ഫോര്‍ട്ട് പൊലീസ് ഇതുസംബന്ധിച്ച്‌ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല. പകരം ട്രാഫിക് സൗത്ത് എസി അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ സിഐയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കിയത്. ഒപ്പം ജോലിചെയ്യുന്ന പൊലീസുകാരന്‍ നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ അപ്പാടെ തള്ളിക്കൊണ്ടായിരുന്നു റിപ്പോര്‍ട്ട്. മൊബൈല്‍ഫോണ്‍ എറിഞ്ഞു തകര്‍ത്ത കാര്യംപോലും ട്രാഫിക് എസിയുടെ റിപ്പോര്‍ട്ടില്‍ ഇല്ല. മാത്രമല്ല പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് പൊലീസുകാരനില്‍ നിന്നും എഴുതി വാങ്ങുകയും ചൊയ്തതായി സൂചന. ഇതിനിടെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരാതിക്കാരനു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. പരാതിയുമായി മുന്നോട്ടു പോയാല്‍ അയാള്‍ക്കുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ചായിരുന്നു അവര്‍ മുന്നറിയിപ്പ് നല്‍കിയത്. തനിക്കു വന്നുചേരാവുന്ന അപകടാവസ്ഥ മനസിലാക്കിയ പൊലീസുകാരന്‍ ഒത്തുതീര്‍പ്പിന് വഴങ്ങി.

അതേസമയം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കൊപ്പം ഉണ്ടായിരുന്ന യുവതിയെ കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്. സിഐ ഓടിച്ചിരുന്ന കാര്‍ യുവതിയുടെ പേരിലാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവതിയും സിഐയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പരിശോധന നടക്കുകയാണ്. യുവതിക്കൊപ്പം സിഐ അവിടെ എത്തിയത് എന്തിനാണെന്ന ചോദ്യം ദുരൂഹമായി നിലനില്‍ക്കുന്നുണ്ട്. ഈ സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്ബാണ് പൊലീസുകാര്‍ പാലിക്കേണ്ട മര്യാദയും സ്വഭാവ രീതിയുടെയും അച്ചടക്കത്തെയും കുറിച്ച്‌ സംസ്ഥാന പൊലീസ് ചീഫ് നിര്‍ദ്ദേശം നല്‍കിയത്.

അനാവശ്യ കൂട്ടുകെട്ടില്‍പെടുകയോ, പൊലീസ് സേനയ്ക്ക് അപമാനമുണ്ടാകും വിധം പ്രവര്‍ത്തിക്കുകയോ, ഹണി ട്രാപ്പ് അടക്കമുള്ള കെണികളില്‍ പെടുകയോ ചെയ്യരുതെന്നായിരുന്നു കര്‍ശന നിര്‍ദ്ദേശം. മോന്‍സണ്‍ ജോസഫിന്റെ തട്ടിപ്പ് അടക്കമുള്ള കേസുകളില്‍ പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കണ്ടെത്തിയതിന്റെ സാഹചര്യത്തിലായിരുന്നു ഡിജിപിയുടെ നിര്‍ദ്ദേശം. മാത്രമല്ല കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണെന്ന് വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക