അറസ്റ്റിലായതിന് പിന്നാലെ സിതാപൂരില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന പൊലീസ് ഗസ്റ്റ് ഹൌസ് വൃത്തിയാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഇന്നലെ നടന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ ഉത്തര്‍ പ്രദേശ് പൊലീസ്തടഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കയെ വലിച്ചുപിടിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ അറസ്സിലായി.

ലക്നൌവ്വില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൌസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടം വൃത്തിയാക്കിയ ശേഷം പ്രിയങ്ക നിരാഹാര പ്രതിഷേധത്തിലാണെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച രാത്രി വൈകി ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. പിടിച്ച്‌ വലിച്ച പൊലീസുകാരോട് രൂക്ഷമായി പ്രതികരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. നാല് കര്‍ഷകരും കര്‍ഷകര്‍ക്ക് നേരെ ഓടിച്ചെത്തിയ വാഹനങ്ങളിലുണ്ടായ നാലുപേരുമാണ് കൊല്ലപ്പെട്ടതെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് വിശദമാക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് വാഹനമോടിച്ച്‌ കേറ്റിയതോടെയാണ് ഇന്നലെ ഈ മേഖലയില്‍ അക്രമം നടന്നത്.

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയുടെ മകനെതിരെ കേസെടുത്തു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തത്. ആശിഷിന് പുറമേ മറ്റ് പതിനാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആശിഷാണ് കാറോടിച്ച്‌ കയറ്റിയതെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. സ്ഥിതി മെച്ചപ്പെടുന്നത് വരെ രാഷ്ട്രീയ നേതാക്കളെ ലഖിംപുരിലേക്ക് എത്താന്‍ അനുവദിക്കില്ലെന്നാണ് യുപി പൊലീസിന്റെ നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക