കെപിസിസി പുനസംഘടന ചര്‍ച്ച ചെയ്യാന്‍ ഹൈക്കമന്‍ഡ് സംഘങ്ങള്‍ ഇന്ന് സംസ്ഥാനത്തെത്തും. കേരളത്തിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തും. പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമന്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഡിസിസി അധ്യക്ഷന്മാര്‍ ജനപ്രതിനിധികള്‍ ജില്ലകളിലെ പ്രധാന നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാകുന്നതിന് മുമ്ബ് തന്നെ ഭാരവാഹി പട്ടികയില്‍ പരിഗണിക്കേണ്ടവരുടെ പേരുകള്‍ എ,ഐ ഗ്രൂപ്പുകള്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് കൈമാറിയിട്ടുണ്ട്. കെപിസിസി പ്രഖ്യാപിച്ച പുനസംഘടന മാനദണ്ഡങ്ങള്‍ക്ക് എതിരെയുള്ള പരാതികളും സംഘം പരിശോധിക്കും. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന നേതാക്കളുമായും താരീഖ് അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തും. സാധ്യതാപട്ടിക തയ്യാറാക്കുന്നതിനു മുമ്ബ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നീ മുതിര്‍ന്ന നേതാക്കളുമായും പോഷക സംഘടനകളായ മഹിളാ കോണ്‍ഗ്രസ്, കെഎസ്യു എന്നിവരുമായും കെ സുധാകരന്‍ കൂടിക്കാഴ്ച്ച നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം പ്രതിപക്ഷനേതാവ് വി ഡി സതീശന്റേയും കെ സുധാകരന്റേയും നീക്കങ്ങളെ സൂക്ഷ്മതയോടെയാണ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നത്. ഡിസിസി പ്രസിഡന്റുമാരുടെ പുനസംഘടനയ്ക്ക് സമാനമായി ഗ്രൂപ്പുകളെ വെട്ടി നിരത്താന്‍ ശ്രമിച്ചാല്‍ നോക്കി നില്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍.സംസ്ഥാനത്ത് കെ.സി വേണുഗോപാല്‍ ഗ്രൂപ്പിന് അമിത പ്രാധാന്യം നല്‍കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ സോണിയ ഗാന്ധിയോട് പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തര്‍ക്കങ്ങള്‍ ഇല്ലാതെ പുനസംഘടന പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് സോണിയ ഗാന്ധി താരീഖിന് നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന സംഘം ചൊവ്വാഴ്ച്ച ഡല്‍ഹിക്ക് തിരിക്കും. എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹന്‍, ഐവാന്‍ ഡിസൂസ, വിശ്വനാഥ് പെരുമാള്‍ എന്നിവരാണ് താരീഖിനൊപ്പം സംഘത്തിലുളളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക