തിരുവനന്തപുരം : ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ തലസ്‌ഥാനത്തെ ജില്ലാ പോലീസ്‌ ആന്റി നര്‍കോട്ടിക്‌ സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ്‌ (ഡാന്‍സാഫ്‌) പിരിച്ചുവിട്ടു. അന്യ സംസ്‌ഥാനങ്ങളില്‍നിന്ന്‌ കഞ്ചാവും പ്രതികളെയും എത്തിക്കുകയും റോഡരികിലും ഒറ്റപ്പെട്ട സ്‌ഥലങ്ങളിലും കൊണ്ടുവച്ച്‌ ലോക്കല്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച്‌ കേസെടുപ്പിക്കുകയുമായിരുന്നു ഡാന്‍സാഫ്‌ സംഘത്തിന്റെ രീതിയെന്ന്‌ ആരോപണം.

യുവ സംരഭകയെ കള്ളക്കേസില്‍ കുടുക്കാനും ഡാന്‍സാഫ്‌ ശ്രമിച്ചു. സംരംഭക ശോഭാ വിശ്വനാഥിന്റെ വീവേഴ്‌സ്‌ വില്ലേജില്‍ നിന്നും കഞ്ചാവ്‌ കണ്ടെത്തിയത്‌ ഡാന്‍സാഫ്‌ ആയിരുന്നു. ശോഭയെ കുടുക്കാനുള്ള മുന്‍ സുഹൃത്തിന്റെ ഗൂഡാലോചനയ്‌ക്കു സംഘത്തിലെ ചിലര്‍ വഴങ്ങിയെന്നാണ്‌ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ സംഭവത്തിനു പിന്നാലെയാണ്‌ ഡാന്‍സാഫിന്റെ മേല്‍ ഇന്റലിജന്‍സ്‌ കണ്ണ്‌ പായിച്ചത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ത്രില്ലര്‍ സിനിമയെ വെല്ലുംവിധമാണ്‌ ലഹരിമാഫിയക്കെതിരേ പ്രവര്‍ത്തിക്കേണ്ട പ്രത്യേക ടീം പ്രവര്‍ത്തിച്ചതെന്നാണ്‌ ഇന്റലിജന്‍സ്‌ കണ്ടെത്തല്‍. മയക്കുമരുന്ന്‌ മാഫിയ ബന്ധമുള്ള രണ്ട്‌ ഗുണ്ടകളാണ്‌ ഡാന്‍സാഫ്‌ സംഘത്തെ നയിച്ചതത്രേ. തമിഴ്‌നാട്‌, ആന്ധ്ര എന്നിവിടങ്ങളിലെ ഗോഡൗണുകളില്‍നിന്നു സംഘം കഞ്ചാവ്‌ സംഘടിപ്പിക്കും. പ്രതികളെന്ന മട്ടില്‍ ചിലരെയും അവിടെനിന്നു കൂടെക്കൂട്ടും. ഇങ്ങനെ പോലീസ്‌ വാഹനത്തില്‍ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ്‌ റോഡരികിലും ഒറ്റപ്പെട്ട സ്‌ഥലങ്ങളിലും കൊണ്ടുവച്ച്‌ ലോക്കല്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച്‌ കേസെടുപ്പിക്കും.

ഇതരസംസ്‌ഥാനങ്ങളില്‍ നിന്നും കൂട്ടികൊണ്ടുവരുന്നവരെ ലോക്കല്‍ പോലീസിനു മുന്നില്‍ ഹാജരാക്കും. കേസെടുക്കാന്‍ കൊണ്ടുവരുന്നതില്‍ ബാക്കി വരുന്ന കഞ്ചാവ്‌ ലഹരി സംഘത്തിനു കൈമാറുകയാണ്‌ പതിവ്‌. ഡാന്‍സാഫ്‌ ടീം ഈ ശൈലി തുടര്‍ച്ചയാക്കിയതോടെ ലോക്കല്‍ പോലീസിനു സംശയമായി. തിരുവനന്തപുരം പേട്ട, മെഡിക്കല്‍ കോളജ്‌ സ്‌റ്റേഷനുകളിലെടുത്ത കേസുകളില്‍ പലതും ഈ രീതിയിലായിരുന്നു. ആന്ധ്രയില്‍ നിന്നു കഞ്ചാവും പ്രതികളെന്ന പേരില്‍ രണ്ടുപേരുമായെത്തിയ ഡാന്‍സാഫ്‌ സംഘത്തെ ആന്ധ്ര പോലീസ്‌ പിടികൂടിയെങ്കിലും ഉന്നത ഉദ്യോഗസ്‌ഥര്‍ ഇടപെട്ട്‌ രക്ഷപ്പെടുത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക