ന്യൂഡല്‍ഹി: പട്ടികജാതി/വര്‍ഗവിഭാഗക്കാര്‍ക്ക്‌ ഉദേ്യാഗക്കയറ്റത്തില്‍ സംവരണമനുവദിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്നു സുപ്രീം കോടതി.ഉത്തരവ്‌ എങ്ങെന നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്‌ഥാനസര്‍ക്കാരുകളാണെന്നും ജസ്‌റ്റിസ്‌ നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്‌തമാക്കി. നാഗരാജ്‌ അഥവാ ജര്‍ണെയ്‌ല്‍ സിങ്‌ കേസിലെ ഉത്തരവ്‌ (2006) പുനഃപരിശോധിക്കില്ലെന്നാണു സുപ്രീം കോടതി നിലപാട്‌. പിന്നാക്കവിഭാഗങ്ങളെ സംസ്‌ഥാനസര്‍ക്കാരുകള്‍ നിശ്‌ചയിക്കുന്നതു സംബന്ധിച്ച പ്രശ്‌നം നിലനില്‍ക്കുകയാണെന്നു മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍, നയതീരുമാനം എങ്ങനെ നടപ്പാക്കണമെന്നു സംസ്‌ഥാനസര്‍ക്കാരുകളെ ഉപദേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കോടതി വ്യക്‌തമാക്കി. സ്‌ഥാനക്കയറ്റത്തില്‍ സംവരണം നടപ്പാക്കുന്നതു സംബന്ധിച്ച്‌ ഹൈക്കോടതിയുടെ വിരുദ്ധ ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന്‌ അേറ്റാര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സംവരണതീരുമാനം രണ്ടാഴ്‌ചയ്‌ക്കകം നടപ്പാക്കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യക്കേസായി പരിഗണിക്കണമെന്നു മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ ആവശ്യപ്പെട്ടു. പിന്നാക്കവിഭാഗങ്ങളെ എങ്ങനെ നിര്‍ണയിക്കണമെന്നു നേരത്തേ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും നയപരമായ കാര്യത്തില്‍ കൂടുതല്‍ നിര്‍ദേശം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്‌തമാക്കി. സംവരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ സംസ്‌ഥാനസര്‍ക്കാരുകളുടെ അഭിഭാഷകര്‍ ഇനി വാദം കേള്‍ക്കുന്ന ഒക്‌ടോബര്‍ അഞ്ചിനകം സമര്‍പ്പിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക