കോഴിക്കോട്: സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് റേറ്റിങ് നല്‍കാനുള്ള സൗകര്യവുമായി ‘എന്‍റെ ജില്ല’ ആപ്പ്. ഓഫിസില്‍ നിന്നുള്ള സേവനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് റേറ്റിങ് നല്‍കാനും റിവ്യൂ എഴുതാനും അവസരമുണ്ട്. പ്രവര്‍ത്തനം മോശമാണെങ്കില്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശവും നല്‍കാനാകും. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫിസുകളിലെ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്‍റെ ജില്ല’ ആപ്പ് ആരംഭിച്ചത്.

ഈ ആപ്പിലൂടെ, പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫിസുകള്‍ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ രേഖപ്പെടുത്താം. ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും സാധിക്കും. രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ നല്ല പ്രകടനം നടത്തുന്നവര്‍ക്ക് പ്രചോദനമാകും. മറ്റുള്ളവരെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കും. അവലോകനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇതിന് മേല്‍നോട്ടം വഹിക്കുക.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘എന്‍റെ ജില്ല’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും സാധിക്കും. മൊബൈല്‍ നമ്ബര്‍ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് താല്പര്യം ഉണ്ടെങ്കില്‍ മാത്രമേ ഫോണ്‍ നമ്ബര്‍ വെളിപ്പെടുത്തൂ.

പുതിയ കാലത്ത് ഗൂഗിള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭിക്കുന്ന സൗകര്യമാണ് സ്റ്റാര്‍ റേറ്റിങ്. റെസ്റ്ററന്‍റുകള്‍, ബേക്കറികള്‍, ഷോപ്പിങ് മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം സ്റ്റാര്‍ റേറ്റിങ്ങിലൂടെ വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിര്‍ദേശങ്ങളും റേറ്റിങ്ങും ആര്‍ക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക