തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ്‌ ബസുകളില്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനായി പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ അവതരിപ്പിച്ച്‌ മാനേജ്മെന്‍റ്. ENTE KSRTC NEO OPRS എന്ന ആപ്ലിക്കേഷനാണ് കെഎസ്‌ആര്‍ടിസി അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിന് പുറമെ http://www.onlineksrtcswift.com എന്ന പുതിയ വെബ്സൈറ്റും കെഎസ്‌ആര്‍ടിസി അവതരിപ്പിച്ചിട്ടുണ്ട്.

ആപ്പിലെത്തും ടിക്കറ്റ്: പുതിയ ആപ്ലിക്കേഷനും വെബ്സൈറ്റും ഉപയോഗിച്ച്‌ മെയ് ഒന്ന് മുതല്‍ സ്വിഫ്റ്റ്‌ ബസുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്നും മാനേജ്മെന്‍റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടിക്കറ്റ് ബുക്കിങ് സംവിധാനം പുതിയ തലത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നതെന്നും മാനേജ്മെന്‍റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. കെഎസ്‌ആര്‍ടിസി കൗണ്ടറുകളില്‍ ബുക്ക് ചെയ്യുന്നതിനുള്ള ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ബന്ധപ്പെട്ട ഡിപ്പോയുടെ മെയിലില്‍ നല്‍കുമെന്നും മാനേജ്മെന്‍റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശമ്ബളത്തിന് ‘മുടക്കം’ തന്നെ: അതേസമയം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളത്തിന്‍റെ രണ്ടാം ഗഡു എപ്പോള്‍ നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയായില്ല. മാര്‍ച്ച്‌ മാസത്തെ ശമ്ബളത്തിന്‍റെ ആദ്യ ഗഡു ഏപ്രില്‍ അഞ്ചിന് തന്നെ നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച്‌ മാസത്തെ സര്‍ക്കാര്‍ സഹായമായ 50 കോടി രൂപ ലഭിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം ഗഡു അനിശ്ചിതമായി വൈകുന്നത്. ധനസഹായം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ധനവകുപ്പിന് കത്തയച്ചെങ്കിലും പണം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടാം ഗഡു വിതരണം വൈകുന്നത്.

ആളുകളെ അടുപ്പിക്കാന്‍: കെഎസ്‌ആര്‍ടിസിയിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടത്തുകയാണ് മാനേജ്മെന്‍റ്. ഇതിന്‍റെ ഭാഗമായി ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് 30 ശതമാനം നിരക്ക് ഇളവ് കെഎസ്‌ആര്‍ടിസി പ്രഖ്യാപിച്ചു. 140 കിലോമീറ്ററിന് മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്കാണ് നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കെഎസ്‌ആര്‍ടിസി പുതുതായി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ക്കൊപ്പം നിയമം ലംഘിച്ച്‌ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നതുമൂലം കനത്ത നഷ്‌ടമാണ് കെഎസ്‌ആര്‍ടിസിക്കുണ്ടായത്. മാത്രമല്ല കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് മുന്‍പേ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ അംഗീകൃത ടിക്കറ്റ് നിരക്കുകള്‍ പാലിക്കാതെ അനധികൃതമായാണ് നിരക്കുകള്‍ ഈടാക്കുന്നതെന്നും മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും നഷ്‌ടം നികത്തുന്നതിനുമായി നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്നും മാനേജ്മെന്‍്റ് അറിയിച്ചു. യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന തരത്തിലാണ് പുതിയ നിരക്ക് ഇളവെന്നും മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ പേയ്‌മെന്‍റും: അടുത്തിടെ ഡിജിറ്റല്‍ പേയ്‌മെന്‍റ് സിസ്‌റ്റം വഴി പണം നല്‍കി ടിക്കറ്റെടുക്കാനുള്ള സംവിധാനം കെഎസ്‌ആര്‍ടിസി എന്‍ഡ് ടു എന്‍ഡ് സര്‍വീസുകളില്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച്‌ മാസം പകുതിയോടെയാണ് സെന്‍ട്രല്‍ യൂണിറ്റില്‍ നിന്ന് പുതുതായി ആരംഭിച്ച തിരുവനന്തപുരം – നെടുമ്ബാശ്ശേരി, തിരുവനന്തപുരം – ഹൈക്കോടതി എന്നീ എന്‍ഡ് ടു എന്‍ഡ് ലോ ഫ്ലോര്‍ എസി ബസുകളിലാണ് ഡിജിറ്റല്‍ പേയ്‌മെന്‍റ് സിസ്‌റ്റം വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ആരംഭിച്ചത്. ഇതോടെ ബസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത്‌ പണം നല്‍കി ടിക്കറ്റെടുക്കാനാവും. ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റം വഴി പണം നല്‍കാനുള്ള സംവിധാനത്തിന്റെ ട്രയല്‍ റണ്‍ വിജയകരമായതിന് പിന്നാലെയാണ് കൂടുതല്‍ ബസുകളിലേക്ക് ഈ സംവിധാനമെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക