തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ വാഹനമിടിച്ച്‌ മരിച്ചകേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ എന്നിവരുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച സിറാജ് സീനിയര്‍ ഫോടോഗ്രാഫര്‍ ടി ശിവജികുമാറിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ന്യായമില്ലാതെ സംഘം ചേരുക, കായികമായി കൈയേറ്റം ചെയ്യുക, പിടിച്ചു പറി തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പെടുന്ന 143, 147, 149, 323, 392 വകുപ്പുകള്‍ ചുമത്തിയാണ് കണ്ടാലറിയാവുന്ന അഭിഭാഷകര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. വഫയുടെ അഭിഭാഷകയുടെ പരാതിയില്‍ ശിവജികുമാറിനെതിരെയും കേസെടുത്തിട്ടുണ്ട്.

കോടതി വളപ്പില്‍ സംഘം ചേര്‍ന്ന് അഭിഭാഷകര്‍ ശിവജികുമാറിനെ വളഞ്ഞു വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം തിരിച്ചറിയല്‍ രേഖയായ സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ കാര്‍ഡ് പിടിച്ചു വാങ്ങുകയായിരുന്നുവെന്നാണ് പരാതി.വഞ്ചിയൂര്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ പോയ സമയത്തും അഭിഭാഷകര്‍ സംഘടിച്ചെത്തി ശിവജികുമാറിനും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയും ആക്രോശിച്ച്‌ ഭീഷണിയുയര്‍ത്തിയെന്നും ആരോപണമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക