കനത്ത മഴയില്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെല്ലാം റോഡുകളെല്ലാം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. തലസ്ഥാനമായ അഹ്‌മദാബാദിലെ റോഡിലെ പാതാളക്കുഴിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വന്തം മണ്ഡലമായ ഗാന്ധിനഗറില്‍ റോഡിലെ വെള്ളക്കെട്ടില്‍ ബി.ജെ.പി കൊടി നാട്ടി പ്രതിഷേധിക്കുകയാണു നാട്ടുകാര്‍.
അഹ്‌മദാബാദിനും ഗാന്ധിനഗറിനും പുറമെ ഗുജറാത്തിലെ പ്രധാന നഗരങ്ങളായ ഭുജ്, ജുനാഗഢ്, സൂറത്ത്, വാപി, ബറൂച്ച് നിരത്തുകളിലെ സ്ഥിതി വ്യത്യസ്തമല്ല. ഏറ്റവും ഞെട്ടിപ്പിച്ചത് തലസ്ഥാന നഗരത്തില്‍നിന്നുള്ള കാഴ്ചയായിരുന്നു. ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന മഴയ്ക്കിടെയാണ് അഹ്‌മദാബാദിലെ ഷേലയില്‍ പൊതുനിരത്തില്‍ ഭീമാകാരമായ ഗര്‍ത്തം രൂപപ്പെട്ടത്. റോഡിലെ വന്‍ ഗര്‍ത്തത്തിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബി.ജെ.പി സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. അഹ്‌മദാബാദ് സ്മാര്‍ട്ട് സിറ്റിയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഭൂഗര്‍ഭ മഴവെള്ള സംഭരണി എന്നാണ് കോണ്‍ഗ്രസ് കേരള ഈ ദൃശ്യങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒരിറ്റു വെള്ളം അറബിക്കടലിലേക്കു ചോര്‍ന്നുപോകാതിരിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു.
ഗാന്ധിനഗറിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. റോഡുകളെല്ലാം തകര്‍ന്ന് കുഴിയും കുളവുമായിരിക്കുകയാണ്. റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ കാര്‍ വീണ് യാത്രികര്‍ക്കു ഗുരുതരമായി പരിക്കേറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തു. ജീവന്‍ പണയം വച്ചാണ് ആളുകള്‍ ഇതുവഴി യാത്ര ചെയ്യുന്നത്. നഗരപാതകളിലെ പാതകള്‍ വെള്ളക്കെട്ടിലായി ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഗാന്ധിനഗറില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തെരുവിലിറങ്ങിയത്. റോഡുകളിലെ വെള്ളക്കെട്ടുകളില്‍ ബി.ജെ.പി പതാകകള്‍ നാട്ടിയാണു നാട്ടുകാരുടെ പ്രതിഷേധം. റോഡ് കോണ്‍ട്രാക്ടര്‍മാരും ബി.ജെ.പി നേതാക്കളും തമ്മിലുള്ള അഴിമതിയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് റോഡുകളെ എത്തിച്ചിരിക്കുന്നതെന്നാണു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.
അഹ്‌മദാബാദിലെയും സൂറത്തിലെയും വിവിധയിടങ്ങളില്‍ റെക്കോര്‍ഡ് മഴയാണു കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 153 മില്ലി മീറ്റര്‍ മഴയാണ് ഇവിടങ്ങളില്‍ പെയ്തത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ മഴയാണിത്. മഴയില്‍ ദേശീയപാത ഉള്‍പ്പെടെ തകര്‍ന്നുകിടക്കുകയും പ്രധാന പാതകളെല്ലാം വെള്ളക്കെട്ടായി ഗതാഗതം തടസപ്പെട്ടിരിക്കുകയുമാണ്. പാതയോരങ്ങളിലെ വന്‍ മരങ്ങള്‍ കടപുഴകി വാഹനങ്ങള്‍ക്കുമേല്‍ പതിച്ച സംഭവങ്ങളുമുണ്ടായി.
സൗരാഷ്ട്രയോടു ചേര്‍ന്നുള്ള വടക്കുകിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഗുജറാത്തിലുടനീളം തീവ്ര മഴ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബറൂച്ച്, സൂറത്ത്, നവസരി, വല്‍സഡ്, ദാദ്ര നഗര്‍ ഹവേലി എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.