നേമം: കുപ്രസിദ്ധ ഗുണ്ടയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ നരുവാമൂട് പൊലീസ് പിടികൂടി. പള്ളിച്ചല്‍ കുളങ്ങരകോണം ലീല ഭവനില്‍ അനൂപ് (28), കുളങ്ങര കോണം സന്ദീപ് ഭവനില്‍ സന്ദീപ് (25), പള്ളിച്ചല്‍ കുളങ്ങരകോണം പൂവണംകുഴി മേലെ പുത്തന്‍വീട്ടില്‍ അരുണ്‍ (24), കുളങ്ങരകോണം വട്ടവിള പുലരിയോട് മേലെ പുത്തന്‍വീട്ടില്‍ വിഷ്ണു എന്ന് വിളിക്കുന്ന രജിത്ത് (25), പള്ളിച്ചല്‍ മാറഞ്ചല്‍കോണം വരിക്കപ്ലാവിള വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അനൂപ് (25) എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി ഒമ്ബതരയോടെ‍യായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും മൂന്നുതവണ ഗുണ്ടാ ആക്‌ട് പ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമായ മച്ചേല്‍ കുളങ്ങരക്കോണം ആയക്കോട് മേലേ പുത്തന്‍വീട്ടില്‍ മോഹനന്‍റെ മകന്‍ കാക്ക എന്നുവിളിക്കുന്ന അനീഷ് (28) ആണ് വെട്ടേറ്റു മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നരുവാമൂട് സ്റ്റേഷന്‍ പരിധിയില്‍ കുളങ്ങരക്കോണം മുളച്ചല്‍ പാലത്തിനു സമീപം നിഷാന്തിന്‍റെ ഉടമസ്ഥതയിലുള്ള അമല്‍ ഹോളോബ്രിക്സ് കമ്ബനിക്ക് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചുപറി, മോഷണം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവന്നിരുന്ന അനീഷ് കുറേനാളായി പ്രതികളെ ഭീഷണിപ്പെടുത്തി വന്നിരുന്നു. നിരന്തരം പണം ആവശ്യപ്പെടുന്നതും അതു ലഭിക്കാതെ വരുമ്ബോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും സ്ഥിരം സംഭവമായി. കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷ് പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രതികളില്‍ ഒരാളുടെ തല അറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂചന.

മാനസിക വിഷമം ഏറി വന്നതോടെയാണ് അനീഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കുന്നത്. അതിനിടെയാണ് കുളങ്ങരകോണത്ത് യുവതിയുടെ മാല മോഷണത്തില്‍ അനീഷ് ഉള്‍പ്പെട്ടതായി പ്രതികള്‍ അറിയുന്നത്. മോഷണം നടത്തിയശേഷം അനീഷ് സ്ഥിരമായി അടഞ്ഞു കിടക്കുന്ന ഹോളോബ്രിക്സ് കമ്ബനിക്കുള്ളില്‍ വരുമെന്ന് പ്രതികള്‍ക്ക് അറിയാമായിരുന്നു. പ്രസ്തുത ദിവസം അനീഷ് തന്‍റെ കൂട്ടാളിയായ ബിജുവിനെയും ഒപ്പം കൂട്ടി. എന്നാല്‍ ഇയാള്‍ അമിതമായി മദ്യപിച്ച്‌ ബോധരഹിതനായിരുന്നു. ഇതിനിടെയാണ് പ്രതികള്‍ ബൈക്കുകളില്‍ ആയുധങ്ങളുമായി സ്ഥലത്തെത്തിയത്. ഇവര്‍ സംഘം ചേര്‍ന്ന് അനീഷിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

മുതുകിന് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നില്ല. അതേസമയം അനീഷിന് വെട്ടേല്‍ക്കുന്ന സമയത്ത് ബിജു ബോധരഹിതനായി കിടക്കുകയായിരുന്നു. അര്‍ധബോധാവസ്ഥയില്‍ ഇയാള്‍ മണിക്കൂറുകള്‍ക്ക് ശേഷം തിരികെ പോകുമ്ബോഴും അനീഷിന് വെട്ടേറ്റു എന്നുമാത്രമായിരുന്നു ഇയാള്‍ക്ക് അറിവുണ്ടായിരുന്നത്.

കൊലക്ക് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പൊലീസ് കണ്ടെത്തി. റൂറല്‍ പൊലീസ് മേധാവി പി.കെ മധുവിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. കാട്ടാക്കട ഡിവൈ.എസ്.പി കെ.എസ് പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി അനില്‍കുമാര്‍, നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍, നരുവാമൂട് സി.ഐ കെ. ധനപാലന്‍, റൂറല്‍ ഷാഡോ ടീം എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക