എഞ്ചിനീയറിംഗ് വിദ്യാത്ഥിനികളായ പെണ്‍കുട്ടികള്‍ ഭജനയിലൂടെ മാസം സമ്ബാദിക്കുന്നത് പതിനായിരങ്ങളാണ്. മണ്ണാറശാലയിലെ ശ്രീപാർവതി തിരുവാതിര കളരിയിലെ ശാന്തമ്മാള്‍ ടീച്ചറിന്റെ ശിഷ്യരായ അഭിരാമി, നക്ഷത്ര, നന്ദന, ശ്രീകാർത്തിക, ഹയ എന്നിവരുടെ ഹരിപ്പാട് ദേവസേന ഭജൻസ് ട്രൂപ്പ് കേരളത്തിനകത്തും പുറത്തും വൻ ഹിറ്റാണ്. ഏഴ് വർഷം കൊണ്ട് ഈ മിടുക്കികള്‍ പ്രോഗ്രാം അവതരിപ്പിച്ചത് അറുന്നൂറിലേറെ വേദികളിലാണ്.

2017ലാണ് ദേവസേന ഭജൻസ് ജന്മം കൊള്ളുന്നത്. നൃത്തത്തിനൊപ്പം പാട്ടിലും കഴിവുണ്ടെന്ന് മനസിലാക്കിയ രക്ഷിതാക്കളാണ് ട്രൂപ്പ് തുടങ്ങാൻ ഈ അഞ്ചംഗ സംഘത്തിന് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നത്. അഭിരാമിയുടെ അമ്മ ജയലക്ഷ്മിയാണ് പെണ്‍കുട്ടികളുടെ ഭജനസംഘം എന്ന ആശയം മുന്നോട്ടുവച്ചത്. നക്ഷത്രയുടെ അമ്മ തുഷാര ട്രൂപ്പിന് ‘ദേവസേന’ എന്ന പേരും നിർദ്ദേശിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ചോദിച്ച്‌ വാങ്ങി ആദ്യ പ്രോഗ്രാം. പിന്നെ അഞ്ചംഗ സംഘത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രക്ഷിതാക്കളായ ജ്യോതിയും തുഷാരയുമാണ് ട്രൂപ്പിനെ നയിക്കുന്നത്. അന്ന് ഓർക്കസ്ട്രയില്‍ ഗിറ്റാറും മൃദംഗവും മാത്രം. ആദ്യപരിപാടിയോടെ ബുക്കിംഗുകള്‍ വന്നു. ഒരാള്‍ പാടും. മറ്റുള്ളവർ കോറസ്. ആദ്യ മൂന്നു വർഷം അങ്ങനെ. പിന്നീട് അഞ്ച് പേരും പാടാൻ തുടങ്ങി. രണ്ട് മണിക്കൂറാണ് ഭജൻ. പഴയതും പുതിയതുമായ ഭക്തിഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ കോർത്തിണക്കിയ ഫ്യൂഷൻ, ചലച്ചിത്ര ഭക്തി ഗാനങ്ങള്‍ എന്നിവ ആലപിക്കും. ഒരിക്കല്‍ പണം നല്‍കാതെ സ്പോണ്‍സർ പറ്റിച്ചതോടെ അഡ്വാൻസ് അയ്യായിരം രൂപ വാങ്ങിയാണ് ബുക്കിംഗ്. അനില്‍കുമാർ ചേരാവള്ളി, വിജയൻ ഹരിപ്പാട്, രാകേഷ് കൊട്ടാരം, മനീഷ് എന്നിവരാണ് ഓർക്കസ്ട്ര.

കേരളത്തില്‍ മിക്ക ജില്ലകളിലും, മഹാരാഷ്ട്രയിലും, കർണാടകത്തിലും വേദികള്‍ ലഭിച്ചു. സീസണില്‍ തിരക്കോട് തിരക്ക്. ഒരു ദിവസം മൂന്ന് വേദികളില്‍ വരെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വരുമാനവും വർദ്ധിച്ചു. വിവാഹം, പാലുകാച്ചല്‍ ചടങ്ങുകളിലേക്കും ബുക്കിംഗുണ്ട്. ഉത്സവസീസണില്‍ 60,000 രൂപ വരെ ഒരോരുത്തരും നേടുന്നു. അടുത്ത വർഷം അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കാനും അവസരം വന്നിട്ടുണ്ട്.

നക്ഷത്ര ഒഴികെയുള്ളവർ ഉന്നത പഠനത്തിന് പോയപ്പോള്‍ പകരക്കാരായി ദേവിക വാസുദേവൻ, അലോക കൈമള്‍, സ്വാതി പ്രണവം, എ. സൂര്യ എന്നിവർ എത്തി. നക്ഷത്ര ബി.ടെക് ഫീസിന്റെ ഭൂരിഭാഗവും സ്വന്തം വരുമാനത്തില്‍ നിന്നാണ് അടയ്ക്കുന്നത്. സൂര്യ വീടുപണിക്ക് നല്ലൊരു തുക നല്‍കി അച്ഛനെ സഹായിച്ചു. സ്വാതിക്ക് അച്ഛന്റെ രോഗാവസ്ഥയില്‍ കൈത്താങ്ങായതും ഈ വരുമാനം. അലോക നാല് വർഷമായി പഠനച്ചെലവിന് വീട്ടുകാരെ ആശ്രയിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക