ഒരു മാസത്തോളം പുതുപ്പള്ളിയെ കേരളത്തിന്റെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ശേഷവും ചില ബൂത്തുകളില്‍ വോട്ട് ചെയ്യാനുള്ളവരുടെ വരി ഉണ്ടായിരുന്നു. ഇവര്‍ക്ക് ടോക്കണ്‍ നില്‍കിയ ശേഷമാണ് സമയ പരിധിക്ക് ശേഷം വോട്ട് ചെയ്യിപ്പിച്ചത്. ബൂത്തുകളില്‍ നിന്നുള്ള അന്തിമ കണക്കുകളുടെ അടിസ്ഥാനത്തില്‍ പോളിങ് ശതമാനത്തില്‍ ചെറിയ മാറ്റങ്ങളുണ്ടായേക്കാം. എട്ടിനാണ് വോട്ടെണ്ണല്‍.

2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ 74.84 ശതമാനമായിരുന്നു പോളിങ്. ഉപതിരഞ്ഞെടുപ്പിലും രാവിലെ മുതല്‍ മികച്ച പോളിങ് ദൃശ്യമായിരുന്നു. മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയിലും വോട്ട് ചെയ്യാൻ ആളുകള്‍ ബൂത്തുകളിലേക്ക് കൂട്ടമായി എത്തിയിരുന്നു. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ കണക്ക് കൂട്ടലുകളിലേക്ക് കടന്നിട്ടുണ്ട് മുന്നണികള്‍. ബൂത്ത് ഏജന്റുമാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും മുന്നണികളുടെ വിലയിരുത്തലുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചില ബൂത്തുകളില്‍ വോട്ടിങ് നടപടികള്‍ വേഗം കുറവായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. ഇത് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും മറ്റു നേതാക്കളും ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. നിയമസഭയിലെ ബലാബലത്തില്‍ എന്തെങ്കിലും മാറ്റംവരുത്തുന്നതല്ല പുതുപ്പള്ളി ഫലമെങ്കിലും അതിന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും നിര്‍ണായകമാണ്. ഉമ്മൻചാണ്ടിയുടെ സ്മരണകള്‍ നിറയുന്ന തിരഞ്ഞെടുപ്പില്‍ മകൻ ചാണ്ടി ഉമ്മന് വെറും ജയമല്ല യു.ഡി.എഫിന്റെ നോട്ടം. മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷമാണ് ലക്ഷ്യം.

പോയ തിരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് കടുത്തമത്സരം നല്‍കിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് പോരാട്ടം വിജയതീരത്തേക്ക് എത്തിക്കാനാണ്. കഴിഞ്ഞതവണ നേടിയ 54,328 വോട്ടിനൊപ്പം പതിനായിരംകൂടി സമാഹരിച്ചാല്‍ വിജയം ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.എൻ.ഡി.എ. സമീപകാലത്ത് സ്വന്തമാക്കിയ ഏറ്റവുംവലിയ വോട്ടുശേഖരം പി.സി. തോമസിലൂടെയാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ അദ്ദേഹത്തിന് 20,911 വോട്ട് നേടാനായി. ലിജിൻലാലാണ് എൻ.ഡി.എ. സ്ഥാനാര്‍ഥി. മികച്ചപ്രവര്‍ത്തനം നടത്തിയ ആം ആദ്മി പാര്‍ട്ടി എത്ര വോട്ട് നേടുമെന്നതും പ്രധാനം. ലൂക്ക് തോമസാണ് സ്ഥാനാര്‍ഥി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക