കേരളത്തില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ സ്‌ഫോടനങ്ങള്‍ നടത്താനും സമുദായനേതാക്കളെ ആക്രമിക്കാനും ലക്ഷ്യമിട്ട് മലയാളികളായ നാല് ഐസിസ് അനുകൂലികളുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത പദ്ധതി തകര്‍ത്തതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറിയിച്ചു. ചൊവ്വാഴ്ച തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റിലായ തൃശൂര്‍ പാടൂര്‍ സ്വദേശി മതിലകത്ത് കൊടയില്‍ അഷ്‌റഫ് എന്ന ആഷിഫ് (36) ഉള്‍പ്പെടെ നാലുപേരാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് എ.ഐ.എ പറയുന്നു. തൃശൂര്‍ സ്വദേശികളായ സയ്യദ് നബീല്‍ അഹമ്മദ്, ഷിയാസ് ടി.എസ്, പാലക്കാട് കോട്ടായി സ്വദേശി റായിസ് എന്നിവരാണ് മറ്റുള്ളവര്‍. ഇതില്‍ റായിസിനെ ഇന്നലെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കേരളത്തിലെ ഐസിസ് ഘടകത്തിന്റെ ഭാഗമായിരുന്നു ഇവര്‍. ഇവരുടെ തൃശൂരിലേയും പാലക്കാട്ടെയും വീടുകളില്‍ എൻ.ഐ.എ റെയ്ഡ് നടത്തി. തീവ്രവാദപ്രവര്‍ത്തനം സംബന്ധിച്ച നിര്‍ണായക രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തതായി എൻ.ഐ.എ അറിയിച്ചു. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡുമായി സഹകരിച്ചാണ് അന്വേഷണം.ആഷിഫിനെ തമിഴ്നാട്ടിലെ സത്യമംഗലം തോട്ടുംപാളയത്തു നിന്നാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്നായിരുന്നു റെയ്ഡ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ ഐസിസ് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാൻ ഇവര്‍ പണം ശേഖരിച്ചതായും എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചു. ചില സ്ഥലങ്ങളില്‍ സ്ഫോടനം നടത്താനും ചില സമുദായങ്ങളിലെ നേതാക്കളെ ആക്രമിക്കാനും ഗൂഢാലോചന നടത്തി സാദ്ധ്യതകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കുകയും കേരളത്തില്‍ സമുദായസ്പര്‍ദ്ധയും ഭിന്നതയും സൃഷ്ടിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് എൻ.ഐ.എ അധികൃതര്‍ പറഞ്ഞു. വിശദമായ അന്വേഷണം തുടരുകയാണ്.

ഐസിസ് റിക്രൂട്ട്മെന്റും: തമിഴ്നാട്ടില്‍ നിന്ന് അറസ്റ്രിലായ ആഷിഫിന്റെ സംഘത്തിലെ പ്രധാനിയാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത റായിസ്. ഐസിസിലേക്ക് ഫേസ് ബുക്കിലൂടെയും വാട്സാപ്പിലൂടെയും റിക്രൂട്ട്മെന്റ് നടത്തുന്നതിന് നേതൃത്വം നല്‍കുന്നത് റായിസാണെന്നും എൻ.ഐ.എയ്ക്ക് സംശയമുണ്ട്. ഇയാളുടെ വീട്ടില്‍ നിന്നാണ് കൂടുതല്‍ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക