ഇടപ്പള്ളിയിലെ ഹോട്ടലില്‍ ആണ്‍ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിൻസിക്ക് നാലര കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇതില്‍ നിന്ന് സുഹൃത്തായ ജസീല്‍ ജലീലിന് പണം നല്‍കാമെന്ന് ലിൻസി ജസീലിനോട് പറഞ്ഞിരുന്നതായും പോലീസ്. ലിൻസിയുടെ പക്കല്‍ പണമില്ലെന്ന് മനസിലാക്കിയ ജസീല്‍ ജലീല്‍ ഇത് ചോദ്യം ചെയ്തത് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പിള്ളി വീട്ടില്‍ പോള്‍സന്റെയും ഗ്രേസിയുടെയും മകള്‍ ലിൻസി (26) രണ്ട് ദിവസം മുൻപാണ് എറണാകുളം കളമശ്ശേരിയിലെ ഹോട്ടല്‍മുറിയില്‍ സുഹൃത്തും തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയുമായ ജസീല്‍ ജലീലിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ലിൻസിയുടെ പിതാവ് നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കഴിഞ്ഞ പതിനാറാം തീയതി മുതലാണ് കൊല്ലപ്പെട്ട ലിൻസിയും തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ ജസീല്‍ ജലീലും കളമശ്ശേരിയിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസമാരംഭിച്ചത്. അതിന് മുൻപ് രണ്ട് മാസത്തോളം എറണാകുളത്തെ പല ഹോട്ടലുകളിലും ഇരുവരും ഒരുമിച്ച്‌ താമസിച്ചിരുന്നതായാണ് വിവരം. ബാംഗ്ലൂരില്‍ ബൈജൂസ് ആപ്പില്‍ ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ലിൻസി. ആറ് മാസങ്ങള്‍ക്ക് മുൻപ് ഇവര്‍ക്ക് ജോലി നഷ്ടമായി. ഇതോടെയാണ് യുവതി എറണാകുളത്ത് എത്തുന്നത്. വീട്ടുകാരുമായി വലിയ അടുപ്പം ലിൻസി പുലര്‍ത്തിയിരുന്നില്ല. ജോലി നഷ്ടമായ കാര്യവും എറണാകുളത്ത് വന്ന വിവരവും ലിൻസി വീട്ടുകാരെ അറിയിച്ചിരുന്നില്ല.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ലിൻസിയും ജസീല്‍ ജലീലും പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം സാമൂഹിക മാധ്യമങ്ങള്‍ വഴി ഊട്ടിയുറപ്പിക്കുകയായിരുന്നു. ലിൻസിക്ക് ഷെയര്‍മാര്‍ക്കറ്റില്‍ നാലരക്കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇതില്‍ നിന്ന് പത്ത് ലക്ഷം രൂപ ജസീല്‍ ജലീലിന് കൊടുക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ലിൻസിക്ക് നിക്ഷേപമില്ലെന്ന് മനസിലായ ജസീല്‍ ജലീലും ലിൻസിയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പിന്നാലെ മുഖത്ത് മര്‍ദ്ദിക്കുകയും നിലത്ത് വീണ ലിൻസിയെ ചവിട്ടുകയും ചെയ്തു.

പിന്നീട് ലിൻസി കുളിമുറിയില്‍ വീണ് ബോധരഹിതയായെന്ന് ജലീല്‍ ലിൻസിയുടെ വീട്ടുകാരെ വിളിച്ച്‌ അറിയിക്കുകയും ചെയ്തു. ലിൻസിയുടെ വീട്ടുകാരെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തുമ്ബോഴേക്കും ലിൻസിയുടെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പ്രതി ജസീല്‍ ജലീലിനെ ഇപ്പോള്‍ എളമക്കര പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക