ലൈഫ് മിഷന്‍ കേസില്‍  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്വപ്ന സുരേഷ് നടത്തിയ പ്രതികരണത്തില്‍ വമ്പന്‍ സ്രാവുകള്‍ അകത്താവുക തന്നെ ചെയ്യും എന്ന് പറഞ്ഞിരുന്നു. വമ്പന്‍ സ്രാവുകള്‍ എന്ന് സ്വപ്ന ഉദ്ദേശിച്ചതില്‍ പ്രധാനി മുഖ്യമന്ത്രി പിണറായി വിജയന്‍റെ   അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എം.രവീന്ദ്രനായിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും പേരെടുത്ത് പറഞ്ഞു കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് രവീന്ദ്രനെതിരെ സ്വപ്ന ആഞ്ഞടിച്ചത്.

സ്വപ്നയുടെ പ്രതികരണത്തിനു പുറമേ സ്വപ്നയും രവീന്ദ്രനും  തമ്മിലുള്ള  വാട്സ് അപ്പ് ചാറ്റുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരുകയും ചെയ്തു. ഇക്കിളിപ്പെടുത്തുന്ന ചാറ്റുകള്‍ കൂടി പുറത്ത് വന്നതിനു പിന്നാലെ രവീന്ദ്രന്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.  മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ് സി.എം.രവീന്ദ്രന്‍. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി ഏറ്റവും അടുപ്പവും.    

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലാവ്‌ലിൻ കേസ് അടക്കമുള്ളവയുടെ നടത്തിപ്പും ഏകോപനവും രവീന്ദ്രന്‍ ആണെന്നാണ് വെളിയില്‍ വരുന്ന വിവരം. മുഖ്യമന്ത്രിയുടെ ബിനാമിയാണ് രവീന്ദ്രന്‍ എന്ന ആക്ഷേപവും  മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ആരാണ് രവീന്ദ്രന്‍ എന്നാണ് ഇപ്പോഴുള്ള അന്വേഷണങ്ങളില്‍ മുഖ്യം. ഏറ്റവും താഴെത്തട്ടില്‍ നിന്നു പാര്‍ട്ടി നല്‍കിയ പിന്തുണയോടെ പടിപടിയായി ഉയര്‍ന്നു വന്ന ചരിത്രമാണ് രവീന്ദ്രന്റെത്. 

പാര്‍ട്ടി കോട്ടയായ വടകര ഒഞ്ചിയത്തെ   സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു രവീന്ദ്രന്‍. പാര്‍ട്ടിയുടെ വിശ്വസ്തനായി മാറിയതോടെ രവീന്ദ്രന്റെ താവളം തിരുവനന്തപുരത്തേക്ക് മാറി. എല്‍ഡിഎഫ് കണ്‍വീനറായ പി വി കുഞ്ഞിക്കണ്ണന്‍റെ സഹായിയായാണ് 1980 കളില്‍  തലസ്ഥാനത്ത് എത്തുന്നത്. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  കഴിഞ്ഞ  നാല്‍പത് വര്‍ഷത്തോളമായി വിവിധ സിപിഎം നേതാക്കളുടെ പഴ്സണല്‍ സ്റ്റാഫ് അംഗമാണ്  രവീന്ദ്രന്‍. കഴിഞ്ഞ കുറെക്കാലമായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലും.

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള രവീന്ദ്രന്‍ സകല മാനദണ്ഡങ്ങളും മറികടന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. സിപിഎം നേതാക്കളുടെ പഴ്സണല്‍ സ്റ്റാഫില്‍ ഏറ്റവുമധികം കാലം ജോലി ചെയ്തിട്ടുള്ള ആളാവും രവീന്ദ്രനെന്നാണ്  ആക്ഷേപം.  അച്യുതാനന്ദന്റെ കാലത്ത്   ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു രവീന്ദ്രന്‍. ഭരണത്തിലുണ്ടെങ്കിലും അല്ലെങ്കിലും സിപിഎം നേതാക്കള്‍ക്കൊപ്പമുണ്ട്. വി എസ് അച്യുതാനന്ദനൊപ്പവും കോടിയേരി ബാലകൃഷ്ണനൊപ്പവും  ഇപ്പോള്‍ പിണറായി വിജയനൊപ്പവും വിശ്വസ്തനായി രവീന്ദ്രനുണ്ട്. 

വടകര ഓർക്കാട്ടേരിയിലെ ഒരു ബന്ധുവിനെ ബിനാമിയാക്കിയാണ് ബിസിനസുകളെന്നാണ്   ആരോപണം. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ടോളം സ്ഥാപനങ്ങളില്‍ പങ്കാളിത്തമുണ്ടെന്നാണ്  ഇഡി കണ്ടെത്തിയിരിക്കുന്നത്. രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്‍റെ കണക്കുകളില്‍ ഇഡി സംശയം പ്രകടിപ്പിച്ചിരുന്നു. സിഎം രവീന്ദ്രന്‍ പാര്‍ട്ടിയുടേയും നേതാക്കളുടേയും ബിനാമിയാണെന്ന് ആരോപണം നിരവധി തവണ ഉയര്‍ന്നിട്ടുണ്ട്.  

2020ല്‍  കള്ളപ്പണം വെളുപ്പിച്ച കേസില്‍ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് സി എം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നും പ്രതിപക്ഷം  ആരോപണം ഉന്നയിച്ചിരുന്നു.. കൊവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി എം രവീന്ദ്രന്‍ പിന്നീട് ഇഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. തുടര്‍ച്ചയായി 13 മണിക്കൂറോളമാണ് അന്ന്  ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത്.   ഇപ്പോള്‍ വീണ്ടും ഒരു ചോദ്യം ചെയ്യലിന്റെ നിഴലിലാണ് രവീന്ദ്രന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക