സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ ഉണ്ടായത് ലഘു മേഘവിസ്‌ഫോടനമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുളളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കിയിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പെയ്ത ശക്തമായ മഴയിൽ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കനത്ത നാശമുണ്ടായി.

സാധാരണ കാലവർഷക്കാലത്ത് രൂപപ്പെടാൻ സാദ്ധ്യതയില്ലാത്ത ഇടിമിന്നൽ മേഘങ്ങൾ രൂപപ്പെടുകയും അതിൽ നിന്നും ശക്തമായ കാറ്റ് വീശിയടിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും കനത്ത കാറ്റ് വീശാനിടയാക്കിയതെന്ന് കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു.

ശക്തമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ കേരള തീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും, നാലു മീറ്റർ വരെ ഉയരത്തിൽ തിരമാല വീശിയടിക്കാനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി.

അടുത്ത രണ്ടു മൂന്നു ദിവസം കൂടി കനത്ത മഴയും കടൽക്ഷോഭവും തുടർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക