കൊല്ലം: സംസ്ഥാനത്ത് പൊലീസിന് പഴി കേട്ട വിവാദ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വന്‍ ട്വിസ്റ്റാണ് ഇന്ന് സംഭവിച്ചത്. ഓയൂരില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ഇന്ന് രണ്ട് മണിയോടെയാണ്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്നലെ തന്നെ ലഭിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് തെങ്കാശിയില്‍ പുളിയറ എന്ന സ്ഥലത്ത് വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇവര്‍ പൊലീസിന്റെ പിടിയിലാകുന്നത്.

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും പോലീസ് പിടിയിൽ ആയിരുന്നു. പിടിയിലായ പത്മകുമാറിന്റെ മൊഴി പുറത്ത്. കുട്ടിയുടെ അച്ഛനോടുളള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് ഇയാൾ മൊഴി നൽകി. മകളുടെ നഴ്സിം​ഗ് പ്രവേശനത്തിനായി 5 ലക്ഷം നൽകിയിരുന്നുവെന്നും എന്നാൽ മകൾക്ക് പ്രവേശനം ലഭിച്ചില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രവേശനം ലഭിക്കാതിരുന്നിട്ടും തങ്ങൾ നൽകിയ പണം കുട്ടിയുടെ അച്ഛൻ തിരിച്ചു നൽകിയില്ലെന്നും കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പത്മകുമാർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ, പത്മകുമാറിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന്റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്നും പൊലീസ് വ്യക്തമാക്കി. സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ നഴ്‌സിങ് ജോലിക്കായുള്ള പരീക്ഷാനടത്തിപ്പിലെ സാമ്പത്തിക ഇടപാടിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. സ്ഥിരീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും അന്വേഷണം ഇവരെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഒ.ഇ.ടി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയത് സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നുള്ള കൃത്യമായ സൂചന പൊലീസിന് ലഭിച്ചു കഴിഞ്ഞു.

ലോകമെമ്പാടും നടക്കുന്ന പരീക്ഷയാണ് ഒ.ഇ.ടി. പല രാജ്യത്തും പല സമയത്താണ് ഇത് നടക്കുന്നത്. ഗൾഫിൽ പരീക്ഷ കഴിഞ്ഞ് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കേരളത്തിൽ ഈ പരീക്ഷ നടക്കുന്നത്. ഗള്‍ഫിലെ പരീക്ഷയുടെ ചോദ്യപേപ്പര്‍ സംഘടിപ്പിച്ച് കേരളത്തില്‍ പരീക്ഷയെഴുതുന്നവര്‍ക്കു കൈമാറുന്ന സംഘങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഉത്തരസൂചികയ്ക്കുവേണ്ടി മൂന്നും നാലും ലക്ഷം രൂപയാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ഈ സംഘം ഈടാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക