ലോകകപ്പ് എന്ന വിശ്വമാമാങ്കം നടത്തി ലോകത്തിന് മുന്നില്‍ അത്ഭുതമാവുകയാണ് ഖത്തര്‍. ലോകകപ്പിനായുള്ള ഖത്തറിന്‍റെ നിര്‍മ്മാണങ്ങളെ കുറിച്ച്‌ ലോകമാകെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. അതില്‍ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടന്നത് 974 സ്റ്റേഡിയത്തെ കുറിച്ചായിരുന്നു. ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി സംഘടിപ്പിച്ച ലോകകപ്പിന് ശേഷം വീണ്ടും ഏഷ്യയിലേക്കെത്തിയ ലോക പോരാട്ടത്തിനായി ഖത്തര്‍ എട്ട് ലോകോത്തര സ്റ്റേഡിയങ്ങളാണ് നിര്‍മ്മിച്ചത്.അതില്‍ ഏറ്റവും ആകര്‍ഷകമായി മാറിയത് 974 സ്റ്റേഡിയം ആയിരുന്നു.

പൂര്‍ണ്ണമായും റീസൈക്കിള്‍ ചെയ്ത ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ചായിരുന്നു സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം. സ്റ്റേഡിയത്തിന് ‘974’ എന്ന് പേരിട്ടതിനും കാരണമുണ്ട്. സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച റീസൈക്കിള്‍ ചെയ്ത ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ കൃത്യമായ എണ്ണമാണ് ഇത് സൂചിപ്പിക്കുന്നത്. ഖത്തറിന്‍റെ അന്താരാഷ്ട്ര ഡയലിംഗ് കോഡ് കൂടിയാണ് 974.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകകപ്പ് ചരിത്രത്തില്‍ തന്നെ, ആദ്യമായി പൂര്‍ണമായും അഴിച്ചുമാറ്റാവുന്ന സ്റ്റേഡിയമായാണ് ഇതിന്‍റെ രൂപകല്‍പ്പന. സ്റ്റേഡിയം 974ന്‍റെ 360 ഡിഗ്രി ഫൂട്ടേജ് ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പങ്കിട്ടിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലും ദക്ഷിണ കൊറിയയും ഏറ്റുമുട്ടുന്ന മത്സരമാണ് ഈ സ്റ്റേ‍ഡിയത്തില്‍ അവസാനം നടക്കുക. ലോകകപ്പിന് ശേഷം ഈ സ്റ്റേ‍ഡിയം പൊളിച്ച്‌ നീക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

അതുകൊണ്ട് തന്നെ ഖത്തറിലെ എയര്‍ കണ്ടീഷന്‍ സൗകര്യം ഇല്ലാത്ത ഏക സ്റ്റേഡിയം കൂടിയായ ‘974’ല്‍ നടക്കുന്ന അവസാന മത്സരം എന്ന പ്രത്യേകത കൂടെ ഈ പോരാട്ടത്തിനുണ്ട്. ആകെ ഏഴ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള അവസരമാണ് 974 സ്റ്റേഡിയത്തിന് ലഭിച്ചത്. 44,089 പേരെ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് സ്റ്റേഡിയം ഒരുക്കിയിരുന്നത്. അതില്‍ ആറ് മത്സരങ്ങള്‍ നടന്നുകഴിഞ്ഞു. പൊളിച്ചുമാറ്റിയ സ്റ്റേഡിയം അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് അയക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക