തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ ഇടതു മുന്നണി സംഘടിപ്പിച്ച രാജ്ഭവന്‍ വളയല്‍ സമരത്തില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി അനിവാര്യമാകും. ഈ വിഷയത്തില്‍ ഹൈക്കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മാർച്ചിന് മുന്നേ തന്നെ ബിജെപി അധ്യക്ഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അത് മാധ്യമ വാര്‍ത്തയുമായി. അതിന് ശേഷമാണ് സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ 7 നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ഇതില്‍ 2 പേര്‍ അഡീഷനല്‍ സെക്രട്ടറിമാരാണ്.

ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ 7 നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു എന്നാണ് ബിജെപി നല്‍കിയ പരാതിയിലുള്ളത്. ഇതില്‍ 2 പേര്‍ അഡീഷനല്‍ സെക്രട്ടറിമാരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച്‌ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നു ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അഡിഷനല്‍ സെക്രട്ടറിമാരായ പി.ഹണി, ഷൈനി, സെക്ഷന്‍ ഓഫിസര്‍മാരായ ജി.ശിവകുമാര്‍, ഇ.നാസര്‍, കെ.എന്‍.അശോക് കുമാര്‍, ഐ.കവിത, ഓഫിസ് അറ്റന്‍ഡന്റ് കല്ലുവിള അജിത് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇതില്‍ അഡീഷനല്‍ സെക്രട്ടറിമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരാണ്. ഇവരെ രക്ഷിക്കാന്‍ കഴിയുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കോഡ് ഓഫ് കോണ്ടക്‌ട് റൂള്‍സ്, ക്ലാസിഫിക്കേഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് അപ്പീല്‍ റൂള്‍സ് എന്നിവ അനുസരിച്ച്‌ സര്‍വീസില്‍ നിന്നു പിരിച്ചുവിടാം. ഇന്‍ക്രിമെന്റ് തടയുന്ന പോലെയുള്ള നടപടികളും എടുക്കാം. മുന്‍പ് സമാന കുറ്റം ചെയ്തതിന് പല ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമരം ചെയ്യുന്നതു ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഗവര്‍ണ്ണറുടെ പ്രീതി മന്ത്രിമാരെ പോലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വേണമെന്നതാണ് ചട്ടം. അതുകൊണ്ടാണ് മന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിഷേധത്തിന് എത്താത്തത്. എന്നിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ എത്തി.

ഗവര്‍ണര്‍ക്കു നല്‍കുന്നതിനു മുന്‍പ് ബിജെപി നേതാക്കള്‍ ചീഫ് സെക്രട്ടറിക്കും പരാതി കൊടുത്തിരുന്നു. ഇതു സംബന്ധിച്ച്‌ എന്തു നടപടി സ്വീകരിച്ചു എന്നാണ് രാജ്ഭവന്‍ ആരാഞ്ഞത്. രാജ്ഭവന്റെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ചീഫ് സെക്രട്ടറി വി.പി.ജോയ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച്‌ പൊതുഭരണ, ധന സെക്രട്ടറിമാര്‍ ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. വിശദീകരണം ലഭിച്ച ശേഷം സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കു നല്‍കും. ഇതു ക്രോഡീകരിച്ച്‌ രാജ്ഭവനെ ചീഫ് സെക്രട്ടറി അറിയിക്കും. കേരള സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരും സമരത്തില്‍ പങ്കെടുത്തുവെന്ന പരാതി രാജ്ഭവന് മുമ്ബിലുണ്ട്.

ഈ മാസം 15ന് നടന്ന സമരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പേരും അവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന വിഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പരാതി നല്‍കി. രാജേഷിന്റെ പരാതിയും ചിത്രങ്ങളും തെളിവുകളായി മാറി. ഇതോടെയാണ് ഗവര്‍ണ്ണര്‍ അതിശക്തമായി ഇടപെട്ടത്. മുമ്ബും രാഷ്ട്രീയ സമരങ്ങളില്‍ ജീവനക്കാര്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ചിത്ര തെളിവുകളൊന്നും പുറത്തു വരാറില്ലായിരുന്നു. ഇത്തവണ രാജേഷും സംഘവും കൃത്യമായ ഇടപെടല്‍ നടത്തി. തെളിവുകള്‍ ഉണ്ടാക്കി. ഇതാണ് സര്‍ക്കാരിനും തലവേദനയാകുന്നത്.

സമര ദിനത്തില്‍ രാവിലെ 10.30 ന് സെക്രട്ടേറിയറ്റിന് സമീപം മൂന്ന് പ്രൈവറ്റ് ബസുകളെത്തിയാണ് ഇടതുപക്ഷ അനുകൂല ജീവനക്കാരെ രാജ്ഭവനില്‍ എത്തിച്ചത്. ഇതില്‍ പലരും രാവിലെ തന്നെ സെക്രട്ടേറിയറ്റിലെത്തി ‘പഞ്ച്’ ചെയ്തശേഷമാണ് പുറത്തു പോയി സമരത്തില്‍ പങ്കെടുത്തത്. ‘ഹലോ മിസ്റ്റര്‍ ആരിഫ് ഖാന്‍, ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ’ എന്നിങ്ങനെ ഗവര്‍ണറെ വെല്ലുവിളിക്കുന്ന മുദ്രാവാക്യങ്ങളാണ് രാജ് ഭവനു മുന്നില്‍ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ മുഴക്കിയത്. ഗുരുതരമായ വീഴ്ചയാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഡ്യൂട്ടി സമയത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോകുക, ഭരണഘടനാ ചുമതല വഹിക്കുന്ന ഗവര്‍ണര്‍ക്കെതിരെ ഡ്യൂട്ടി സമയത്ത് പരസ്യമായി പ്രകടനം നടത്തി മുദ്രാവാക്യങ്ങള്‍ മുഴക്കുക, രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും, മറ്റുള്ളവരെ പങ്കെടുക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ തികച്ചും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക