തിരുവനന്തപുരം: സുരക്ഷാ സന്നാഹങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് മത്സരിക്കാന്‍ രാജ്യത്ത് ഒരാളേയുള്ളൂ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. 21 വാഹനങ്ങളുടെ അകമ്ബടിയില്‍, 40 അംഗ കമാന്‍ഡോ സംഘത്തിന്റെ വലയത്തിലാണ് മുഖ്യമന്ത്രി പിണറായിയുടെ സഞ്ചാരമെങ്കില്‍ ഭഗവന്ത് മാന് അകമ്ബടി പോകുന്നത് 42 വാഹനങ്ങളാണ്. പാക്കിസ്ഥാന്‍ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍, പാക്കിസ്ഥാന്റെയും ഖാലിസ്ഥാന്‍ തീവ്രവാദികളുടെയും സുരക്ഷാ ഭീഷണി ഏറെയുണ്ടെന്നത് ഇതിനൊരു ന്യായീകരണമായി പഞ്ചാബ് സര്‍ക്കാര്‍ പറയുന്നു.

പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രിമാരായ പ്രകാശ് സിങ് ബാദല്‍, അമരീന്ദര്‍ സിങ്, ചരണ്‍ജിത് സിങ് ചന്നി എന്നിവര്‍ക്ക് 33 വാഹനങ്ങളാണ് അകമ്ബടിയുണ്ടായിരുന്നത്. കേരളത്തിലാവട്ടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്ബര്‍ക്ക പരിപാടികളുമായി ജനങ്ങള്‍ക്കിടയിലാണ് ജീവിച്ചത്. പഞ്ചാബിലേതിന് വിരുദ്ധമായി യാതൊരു സുരക്ഷാ ഭീഷണിയുമില്ലാത്ത കേരളത്തില്‍ മുഖ്യമന്ത്രി ഇത്രയേറെ വാഹനവ്യൂഹവുമായി സഞ്ചരിക്കുന്നതിനെ ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ തന്നെ എതിര്‍ക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. പൊലീസിന്റെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ തലമാണിത്. മുഖ്യമന്ത്രിക്ക് പുറമെ ഗവര്‍ണര്‍ക്ക് മാത്രമേ ഈ കാറ്റഗറി സുരക്ഷയുള്ളൂ. എന്നാല്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിക്കുള്ള അത്രയും അകടമ്ബടി വാഹനങ്ങളോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ല. 28കമാന്‍ഡോകളടക്കം 40അംഗ സംഘമാണ് മുഖ്യമന്ത്രിക്കൊപ്പം സുരക്ഷയ്ക്കായി സദാ സമയവും ഉണ്ടാവുക.

ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചുപേരുണ്ടാവും. രണ്ട് കമാന്‍ഡോ വാഹനങ്ങളില്‍ 10 പേര്‍, ദ്രുതപരിശോധനാ സംഘത്തില്‍ എട്ട് പേര്‍, ബോംബ്, ഡോഗ് സ്‌ക്വാഡുകളും ആംബുലന്‍സുകളുമുണ്ടാവും. പൈലറ്റും എസ്‌കോര്‍ട്ടും പുറമേ. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ ദ്രുതകര്‍മ്മസേനയെയും സിഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്‌ഐ.എസ്.എഫിനെയും വിന്യസിക്കും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുമ്ബോള്‍ ചെറു റോഡുകള്‍ അടയ്ക്കും. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കിയതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ പരിപാടികളില്‍ ദ്രുതകര്‍മ്മസേനയെയും സിഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്‌ഐ.എസ്.എഫിനെയും വിന്യസിക്കുന്നുണ്ട്. ഒന്നര മണിക്കൂര്‍ മുന്‍പ് ചടങ്ങ് നടക്കുന്ന സ്ഥലവും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കും. വേദികളേലേക്കുള്ള വഴികള്‍ പൊലീസ് അടയ്ക്കും. കര്‍ശന പരിശോധനയ്ക്ക് ശേഷമേ ആളുകളെ കടത്തിവിടൂ. മാധ്യമപ്രവര്‍ത്തകര്‍ക്കും കടുത്ത നിയന്ത്രണമാണ്. ഒരു മണിക്കൂര്‍ മുന്‍പ് വേദിയിലെത്തണം.

മുഖ്യമന്ത്രിക്ക് വേദിയിലെത്താന്‍ കയറു കെട്ടി പ്രത്യേകമായി വഴിയുണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുന്ന പാതയിലേക്കെത്തുന്ന എല്ലാ ചെറുവഴികളും അടച്ചിടും. വാഹനവ്യൂഹം കടന്നുപോകുമ്ബോള്‍ ഗതാഗതം നിയന്ത്രണമേര്‍പ്പെടുത്തും. മുഖ്യമന്ത്രി നഗരത്തില്‍ യാത്രചെയ്യുമ്ബോള്‍ പത്തു മീറ്റര്‍ ഇടവിട്ട് പൊലീസിനെ നിയോഗിക്കും. പ്രധാന ജംഗ്ഷനുകളില്‍, സിഐമാരുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെ നിയോഗിക്കും. ക്ലിഫ്ഹൗസില്‍ നിന്ന് മുഖ്യമന്ത്രി പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചാക്കയിലെ വിമാനത്താവളം വരെ റോഡില്‍ നിരനിരയായി പൊലീസുകാരെ വിന്യസിക്കും.

ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ സായുധ ബറ്റാലിയനുകള്‍, ലോക്കല്‍ പൊലീസ്, എസ്‌ഐ.എസ്.എഫ്, ദ്രുതകര്‍മ്മസേന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരാണുള്ളത്. സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേകസുരക്ഷാമേഖലകളാക്കി, ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ക്ലിഫ്ഹൗസിന് ചുറ്റും രാത്രിയും പകലും ഫ്‌ളൈയിങ് സ്‌ക്വാഡ് റോന്തുചുറ്റും. ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ മാത്രമായി എസ്‌പി റാങ്കുള്ള ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിക്കാനും ശുപാര്‍ശയുണ്ട്. രണ്ടിടത്തെയും സുരക്ഷാ ഏകോപനവും മേല്‍നോട്ടവും ഈ ഉദ്യോഗസ്ഥനായിരിക്കും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഓഫീസും അനുവദിക്കും. വിമാനത്താവള സുരക്ഷാചുമതലയുള്ള സിഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്‌ഐ.എസ്.എഫിന് ക്ലിഫ്ഹൗസിന്റെ സുരക്ഷ പൂര്‍ണമായി കൈമാറും.

പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഇത്രയും വിപുലമായ സുരക്ഷാ സംവിധാനങ്ങളോടെ സഞ്ചരിക്കുന്നത് ഏറ്റവും മികച്ച ക്രമസമാധാനനില ഉണ്ടെന്ന് സിപിഎം തന്നെ അവകാശപ്പെടുന്ന അവരുടെ ഭരണത്തിൻ കീഴിലുള്ള കേരളത്തിലാണ്. അന്താരാഷ്ട്ര അതിർത്തികളില്ലാത്ത, ഭീകരവാദ സംഘടനകളുടെ അതിപ്രസരം ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ. അതുകൊണ്ടുതന്നെ ഇടതുപക്ഷ ലൈനിനു ചേരുന്ന ശൈലി അല്ല ഇത് എന്ന് പാർട്ടിക്കുള്ളിലും മുന്നണികളിലും ശക്തമായ അഭിപ്രായമുണ്ടെങ്കിലും മുഖ്യമന്ത്രിയോട് സംവിധാനങ്ങൾ വെട്ടി ചുരുക്കണം എന്ന് ആവശ്യപ്പെടാനുള്ള ആർജ്ജവം കേരളത്തിലെ ഒരു സംവിധാനത്തിനും ഇല്ല എന്നതാണ് യാഥാർത്ഥ്യം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക