പാലാ നഗരസഭയിൽ ധൂർത്ത് തുടരുന്നു. പുതിയ വാഹനം മേടിക്കാൻ ആണ് നീക്കം. എഞ്ചിനീയറിംഗ് വിഭാഗത്തിന് എന്ന പേരിലാണ് വാഹനം വാങ്ങാനുള്ള നീക്കം നടത്തുന്നത്. നാളെ 20/06/2022ൽ ചേരാൻ ഇരിക്കുന്ന കൗൺസിൽ യോഗത്തിൽ ഏഴാം നമ്പർ അജണ്ടയായി ഈ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻജിനീയറിങ് വിഭാഗത്തിലേക്ക് വാഹനം വാങ്ങുവാനുള്ള തീരുമാനത്തിന്റെ മറവിൽ നഗര പിതാവിന് ഉപയോഗിക്കുവാൻ വേണ്ടി ആഡംബര വാഹനം വാങ്ങാനാണ് നീക്കം എന്നും ആക്ഷേപം ഉയരുന്നുണ്ട്. കുറച്ചുനാളുകളായി ഇതിനുവേണ്ടിയുള്ള അണിയറ നീക്കങ്ങൾ സജീവമാണെങ്കിലും പൊതു പ്രതിഷേധം കണക്കിലെടുത്താണ് ഇതിന് ഇതുവരെ മുതിരാതിരുന്നത്. എന്നാൽ ഇപ്പോൾ എൻജിനീയറിങ് വിഭാഗത്തിന് വാഹനം വാങ്ങാനുള്ള അനുമതിയുടെ മറവിൽ ഇത്തരമൊരു നീക്കം നടത്താൻ ആണ് നഗരസഭാ ഭരണാധികാരികളുടെ ശ്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വർഷത്തെ ബഡ്ജറ്റ് കണക്കുകൾ പരിശോധിച്ചു നോക്കുമ്പോൾ തനത് ഫണ്ടിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകുവാൻ പോലും പ്രാപ്തിയില്ലാത്ത ഒരു നഗരസഭയാണ് പാലാ. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ജനറൽ ആശുപത്രി ഫണ്ടിൽനിന്ന് ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാൻ തുക വകമാറ്റി എന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇപ്പോ നഗരസഭാ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പലപ്പോഴും ഭരണപക്ഷത്തെ വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പാർട്ടി പരിപാടികളിൽ പങ്കെടുക്കുവാൻ വേണ്ടി ഉപയോഗിക്കുന്നു എന്ന ആക്ഷേപം നഗരസഭയിൽ നിലനിൽക്കുന്നുണ്ട്.

നിലവിൽ നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിന് രണ്ട് വാഹനങ്ങളുണ്ട്. വാഹനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാമുണ്ടായിട്ടും കാര്യക്ഷമതയോടെ അല്ല നഗരസഭയിലെ എൻജിനീയറിങ് വിഭാഗം പലപ്പോഴും പ്രവർത്തിക്കുന്നത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള പാലാ ജനറൽ ആശുപത്രിയിലെ സ്ഥിതി അതീവ ശോചനീയമാണ്. പ്രതിപക്ഷമായ കോൺഗ്രസും ഭരണപക്ഷമായ സിപിഐയും ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾ നടത്തിയിരുന്നു. ഇത്തരത്തിൽ ജനങ്ങളോടുള്ള ദൈനംദിന ഉത്തരവാദിത്വങ്ങൾ പോലും നിറവേറ്റാൻ കാര്യക്ഷമതയില്ലാത്ത നഗര ഭരണകൂടം വാഹനം എന്ന പേരിൽ ധൂർത്തു തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരാനുള്ള സാധ്യതയും നിലനിൽക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക