കൊച്ചി: ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍വിട്ടുവെങ്കിലും നടനെതിരെ പൊലീസ് നടത്തിയ നിര്‍ണ്ണായക നീക്കം. ലഹരി മരുന്ന് ശ്രീനാഥ് ഭാസി ഉപയോഗിച്ചോ എന്നും പരിശോധിക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ നഖവും വേരോട് കൂടിയ മുടിയും രക്തവും പൊലീസ് ശേഖരിച്ചു. തന്ത്രപരമായിട്ടാണ് ഇതു ചെയ്തത്. ഈ സാമ്ബിള്‍ പരിശോധനയ്ക്ക് അയക്കുമെന്നാണ് സൂചന.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരകയുടെ പരാതി. എന്നാല്‍ ലഹരി ഉപയോഗത്തില്‍ പരാതി നല്‍കിയില്ല. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെത്തി. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നിര്‍ണ്ണായക നീക്കം. ജാമ്യം നല്‍കാവുന്ന വകുപ്പുകളിലാണ് കേസെടുത്തത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്ബ് പൊലീസ് അസാധാരണ നീക്കം നടത്തി. ജാമ്യം കൊടുക്കുന്ന കേസുകളില്‍ സാധാരണ ഇങ്ങനെ ചെയ്യാറില്ല. മെഡിക്കല്‍ പരിശോധനയ്ക്കായി ശ്രീനാഥ് ഭാസിയെ ആശുപത്രിയില്‍ എത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെ എതിര്‍ക്കാന്‍ നടനുമായില്ല. തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ എത്തിച്ച്‌ മുടിയും നഖവും രക്തവും ശേഖരിച്ചു. നഖത്തിന്റെ ഭാഗം പരിശോധിച്ചാല്‍ തന്നെ ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണോ ശ്രീനാഥ് എന്ന് മനസ്സിലാകും. അവതാരകയെ ചീത്ത പറഞ്ഞതില്‍ വേണമെങ്കില്‍ ജാമ്യമില്ലാ കുറ്റം പൊലീസിന് ചുമത്താമായിരുന്നു. എന്നാല്‍ ചില സമ്മര്‍ദ്ദം കാരണം അതിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മയക്കു മരുന്ന് ഉപയോഗ പരിശോധന നടത്താനുള്ള നീക്കം. ഇതും അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ പരിശോധനയില്‍ ശ്രീനാഥ് ഭാസി മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയാല്‍ അത് നടനും ആശ്വാസമാകും.

സിനിമയില്‍ ലഹരി മാഫിയ സജീവമാണെന്ന വിലയിരുത്തല്‍ സജീവമാണ്. അതുകൊണ്ട് കൂടിയാണ് ഈ നടപടി. തിങ്കളാഴ്ച രാവിലെ 10-ന് സ്റ്റേഷനില്‍ ഹാജരാകാനാണ് ശ്രീനാഥ് ഭാസിയോട് മരട് പൊലീസ് നിര്‍ദ്ദേശിച്ചത്. കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതോടെ ഒരുമണിയോടെ നടന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹാജരാവുകയായിരുന്നു. ചോദ്യംചെയ്തശേഷം അഞ്ചുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തത്. വൈകീട്ടോടെയാണ് നടനെ ജാമ്യത്തില്‍വിട്ടത്.

പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരെയും ചോദ്യം ചെയ്യും. അഭിമുഖം നടന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരെയാണ് പൊലീസ് ചോദ്യം ചെയ്യുക. ക്രൗണ്‍ പ്ലാസ ഹോട്ടലിലായിരുന്നു സംഭവം. ചോദ്യം ചെയ്യലില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയുടെ ആരോപണങ്ങളെ നടന്‍ തള്ളിക്കളഞ്ഞു. അസഭ്യമായി താന്‍ അവതാരകയോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പൊലീസിന് നല്‍കിയ മറുപടി. അതേ സമയം ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, നടനും സിനിമയുടെ നിര്‍മ്മാതാവിനും, സിനിമയുടെ പിആര്‍ഒക്കും കത്ത് അയക്കാന്‍ തീരുമാനിച്ചു. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരുന്നത്.

വനിതാകമ്മിഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ശ്രീനാഥ് ഭാസിക്കെതിരേയുള്ള കേസുമായി മുന്നോട്ടുപോകുമെന്നും തെളിവുകളെല്ലാം കൈയിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ന്യായവും സത്യവും തന്റെ ഭാഗത്താണെന്ന ധൈര്യത്തിന്റെ പുറത്താണ് കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഇതുപോലെ നാളെ മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. ആരോടും എന്തും പറയാമെന്നുള്ള അവസ്ഥയുണ്ടാകരുതെന്നും പ്രതികരിച്ചാല്‍ മാത്രമേ ഇതിനെല്ലാം ഒരുമാറ്റം ഉണ്ടാവുകയുള്ളുവെന്നും പരാതിക്കാരി പറഞ്ഞു.

ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റൊരു അഭിമുഖത്തില്‍ നടന്‍ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുകൂടി മുന്‍നിര്‍ത്തിയാണ് നടപടികള്‍. ശ്രീനാഥ് ഭാസിയുടെ അധിക്ഷേപത്തില്‍ മരട് പൊലീസ് പരാതിക്കാരിയുടെ മൊഴി എടുത്തിരുന്നു. അതിരുവിട്ട തരത്തിലെ തെറിവിളിയാണ് നടന്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഗുരുതര ആരോപണമാണ് മാധ്യമ പ്രവര്‍ത്തക ഉയര്‍ത്തുന്നത്. കേട്ട ചീത്തകള്‍ക്ക് മാപ്പു പറയണമെന്ന മാധ്യമ പ്രവര്‍ത്തകയുടെ ആവശ്യം പോലും ശ്രീനാഥ് ഭാസി കേട്ടില്ല. ഇതാണ് കേസിലേക്ക് എത്തിച്ചത്.

ചട്ടമ്ബി സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് ചീത്തവിളി നടന്നത്. ഒരു ചോദ്യത്തിന് ശേഷം ഇംഗ്ലീഷില്‍ പച്ച തെറി വിളിച്ചു കൊണ്ട് പൊട്ടിതെറിക്കുകയായിരുന്നു നടന്‍. സ്ത്രീയുടെ മുഖത്ത് നോക്കി പറയാന്‍ പാടില്ലാത്തതാണ് വിളിച്ചത്. അതിന് ശേഷം ക്യാമറാമാനെ കൊണ്ട് നിര്‍ബന്ധിച്ച്‌ ക്യാമറ ഓഫാക്കി. പിന്നെ വലിയ തെളി വിളിയും നടത്തി. മൂന്ന് ക്യാമറകളും ഓഫ് ചെയ്തുവെന്ന് ഉറപ്പാക്കിയായിരുന്നു ഇത്. എന്നാല്‍ പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നു തന്നെ അനാവശ്യ പ്രകോപനമാണ് നടന്‍ നടത്തിയതെന്ന് വ്യക്തമാണ്. അതില്‍ നിന്ന് തന്നെ പിന്നീട് നടന്ന ചീത്ത വിളിയുടെ തീവ്രതയും വ്യക്തമാകും. വെറും മൂന്നാംകിട കുടിയന്മാര്‍ വിളിക്കുന്നതിന് സമാനമായ പദപ്രയോഗമാണ് ശ്രീനാഥ് ഭാസിയില്‍ നിന്നുണ്ടായത്.

അഭിമുഖത്തില്‍ നിന്ന് നടന്‍ ഇറങ്ങിപോയപ്പോള്‍ തന്നെ അഭിമുഖം നടത്താനെത്തിയവര്‍ പ്രതിഷേധിച്ചു. ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞാലേ പോകൂവെന്നും പറഞ്ഞു. അഭിമുഖത്തിനിടെ ഇറങ്ങി പോകുമ്ബോള്‍ തന്നെ അതൊരു ‘ഫണ്‍ ഇന്റര്‍വ്യൂ’ ആണെന്ന് നിര്‍മ്മാതാവും പറഞ്ഞുവത്രേ. നിന്റെ തന്തയുടെ…… എന്ന് പറഞ്ഞാണ് അവിടെ നിന്നും ശ്രീനാഥ് ഭാസി പോയതെന്ന് പരാതിക്കാരി പറയുന്നു. ഇതിന് ശേഷം സിനിമയുടെ പി ആര്‍ ഒ എത്തി. അവര്‍ ആറര മിനിറ്റ് ഷൂട്ട് ചെയതതു കണ്ടു. അതിന് ശേഷം അവരും അഭിമുഖത്തില്‍ തെറ്റില്ലെന്ന് പറഞ്ഞു. ശ്രീനാഥ് മാപ്പു പറഞ്ഞാലോ പോകൂവെന്നതായിരുന്നു അഭിമുഖത്തിന് എത്തിയവരുടെ നിലപാട്. ഇതോടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വെട്ടിലായി. അവര്‍ ശ്രീനാഥ് ഭാസിയെ കൊണ്ടു വന്നു ചര്‍ച്ചയ്ക്ക് ശ്രമിച്ചു. എന്നാല്‍ പരിഹാസത്തിലായിരുന്നു ഇടപെടല്‍. ഇതോടെയാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്.

പരാതിയില്‍ പറയുന്നത്: ആദ്യത്തെ ചോദ്യത്തിന് ടിയാന്‍ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ വീട്ടിലാരാണ് ചട്ടമ്ബി എന്നതിന് മറുപടിയായി ഉത്തരം തന്നെങ്കിലും നിങ്ങള്‍ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തില്‍ ഇന്റര്‍വ്യൂവിന് ഇരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറയുകയുണ്ടായി. ഇപ്രകാരമുള്ള മറുപടി അന്ധാളിപ്പുണ്ടാക്കി എങ്കിലും ഞാനും എന്റെ സഹപ്രവര്‍തകരും തുടര്‍ന്നു. അടുത്ത ചോദ്യത്തോടുകൂടെ ടിയാന്‍ യാതൊരു പ്രകോപനവും മര്യാദയും പാലിക്കാതെ ഞാന്‍ സ്ത്രീയാണെന്നും ടി ഇന്റര്‍വ്യൂ ആണ് നടക്കുന്നതെന്നും പരിഗണിക്കാതെ ഇതുപോലുള്ള …… ചോദ്യങ്ങള്‍ ചോദിക്കരുതെന്നും പറഞ്ഞ് ആക്രോശിക്കുകയും

ക്യാമറ ഓണ്‍ ആണെന്നുള്ള ബോധ്യം വന്നതിനാല്‍ അതിനു മുതിരാതെ ഞങ്ങളുടെ ക്യാമറാമാനോട് ക്യാമറ ഓഫ് ചെയ്യാന്‍ ആക്രോശിച്ചു. അതിനു ശേഷം ക്യാമറ ഓഫ് ചെയ്യടാ …. എന്നും പറഞ്ഞ് ക്യാമറ നിര്‍ബന്ധപൂര്‍വ്വം ഓഫ് ചെയ്തിപ്പിക്കുകയായിരുന്നു. ക്യാമറ ഓഫ് ചെയ്തതിനുശേഷം ടിയാന്‍ യാതൊരു മാന്യതയും കൂടാതെ കേട്ടാല്‍ അറപ്പുളവാക്കുന്ന സഭ്യമല്ലാത്ത രീതിയില്‍ തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് പ്രൊഡ്യൂസര്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി സര്‍, ഇതൊരു ഫണ്‍ ഇന്റര്‍വ്യൂ ആണ്.. സഹകരിക്കണം എന്ന് പറഞ്ഞപ്പോള്‍ നിന്റെ …… എന്നായിരുന്നു മറുപടി.

ടിയാന്‍ മനോനില തെറ്റിയതുപോലെ കൂടുതല്‍ അക്രമാസക്തനാവുകയാണ് ചെയ്തത്. കൂടാതെ ഞങ്ങളെ ടിയാന്‍ ……. എന്ന് വിളിക്കുകയും ഉണ്ടായി. യാതൊരു മാന്യതയും ഇല്ലാതെ പിന്നെയും ……. തുടങ്ങിയ തെറികള്‍ എന്റേയും എന്റെ സഹപ്രവര്‍ത്തകരേയും വിളിച്ചുകൊണ്ടിരുന്നതിനാല്‍ അപമാനം സഹിക്ക വയ്യാതെയാണ് ഞങ്ങള്‍ ഹോട്ടലില്‍ നിന്നും തിരികെ പോന്നത്.

ഈ സംഭവം ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാല്‍ എന്നേയും എന്റെ മെമ്ബേഴ്സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തില്‍ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാന്‍ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാന്‍ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച്‌ ഈ പ്രശ്നത്തിന് ഒരു തീര്‍പ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക