കൊച്ചി: അവതാരകയെ സിനിമാ പ്രമോഷനിടെ നടന്‍ ശ്രീനാഥ് ഭാസി അസഭ്യം വിളിച്ച സംഭവത്തില്‍ ട്വിസ്റ്റ്. നടനെതിരെയുള്ള പരാതി പിന്‍വലിക്കുകയാണെന്ന സൂചനയാണ് അവതാരക നല്‍കുന്നത്. താരം വന്ന് മാപ്പു ചോദിച്ചുവെന്നും, ഇത്തരത്തില്‍ പറയുമ്ബോള്‍ മാപ്പു കൊടുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും പരാതിക്കാരി പറയുന്നു. ഭാസിക്കെതിരായ പരാതി പിന്‍വലിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുകയാണെന്നും അവതാരക വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. ശ്രീനാഥ് ഭാസിയെ നേരില്‍ കണ്ട് സംസാരിച്ചുവെന്നും നടന്‍ തെറ്റുകളെല്ലാം ഏറ്റു പറഞ്ഞിട്ടുണ്ടെന്നും അവതാരക പറഞ്ഞു.

ശ്രീനാഥ് ഭാസിയെ താന്‍ കാണുകയും സംസാരിക്കുകയും ചെയ്തു. എന്റെ കാല് പിടിച്ച്‌ മാപ്പു പറയുന്ന സാഹചര്യത്തിലായിരുന്നു ഭാസി. അദ്ദേഹം ചെയ്ത് പോയ തെറ്റുകളിലെല്ലാം മാപ്പ് പറഞ്ഞു. നേരത്തെ താന്‍ ഈ തെറിയൊന്നും വിളിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. ഇന്ന് നിര്‍മാതാക്കളുടെ സംഘടനയില്‍ എന്റെ പരാതി വായിച്ചപ്പോള്‍ ഓരോ വാക്കുകളും താന്‍ പറഞ്ഞിട്ടുള്ളതാണെന്നും, ഇതിനെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും ശ്രീനാഥ് ഭാസി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു കലാകാരന്‍ കാലുപിടിച്ച്‌ മാപ്പ് പറയുമ്ബോള്‍ മാപ്പ് കൊടുക്കാനുള്ള മാനസികാവസ്ഥ തനിക്കുണ്ടെന്നും അവതാരക പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എനിക്ക് ശ്രീനാഥ് ഭാസിയുടെ കുടുംബത്തെയോ കരിയറിനെയോ എല്ലാ കാലത്തേക്കുമായി നശിപ്പിക്കണമെന്ന ആഗ്രഹമൊന്നുമില്ലെന്ന് പരാതിക്കാരി പറയുന്നു. ഇനിയൊരിക്കലും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാവരുത്. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാവരുത്. ഇങ്ങനെ ഒരാളുടെ പെരുമാറരുത്. നമ്മളേക്കാള്‍ താഴ്ന്ന നിലയിലുള്ള ഒരാളാണ് എന്നുള്ളത് കൊണ്ട് എന്തും പറയാം, എന്തും ചെയ്യാം, ആരും പ്രതികരിക്കില്ല എന്ന ചിന്താഗതി സമൂഹത്തിന്റെ ഉന്നതിയിലുള്ളവര്‍ക്ക് ഉണ്ടാകരുതെന്നാണ് തന്റെ ആവശ്യമെന്നും പരാതിക്കാരി വ്യക്തമാക്കി.

അതേസമയം പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നടന്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചെന്നും, കുറച്ച്‌ നാളത്തേക്ക് ഭാസിക്ക് പുതിയ സിനിമകള്‍ നല്‍കേണ്ട എന്നാണ് സംഘടനയുടെ തീരുമാനമെന്നും അസോസിയേഷന്‍ പറഞ്ഞു. വിലക്ക് എത്ര കാലത്തേക്ക് എന്ന് പിന്നീട് തീരുമാനിക്കും. ഒരു ചിത്രത്തിന്റെ ഷൂട്ടിങും ചില ഡബ്ബിങ് ജോലികളും പൂര്‍ത്തിയാക്കാനുണ്ട്. അത് ചെയ്ത് തീര്‍ക്കാനുള്ള അനുവാദം ശ്രീനാഥ് ഭാസിക്കുണ്ട്. കരാറില്‍ പറഞ്ഞതിനേക്കാള്‍ തുക ഒരു സിനിമയ്ക്കായി ഭാസി വാങ്ങിയിരുന്നു. ഇത് തിരിച്ച്‌ നല്‍കാമെന്നും താരം അറിയിച്ചിട്ടുണ്ട്.

അതേസമയം മയക്കുമരുന്നിന് അടിമയായ സിനിമാ പ്രവര്‍ത്തകരെ സിനിമയില്‍ വേണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന ഏതൊരു അന്വേഷണത്തിലും തങ്ങള്‍ സഹകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. പോലീസിന് ഞങ്ങളുടെ ലൊക്കേഷനില്‍ പരിശോധിക്കാം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. എന്തു നടപടി വേണമെങ്കില്‍ സ്വീകരിക്കാം. പരാതികള്‍ ഉണ്ടെങ്കില്‍ നടപടി എടുക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന പറഞ്ഞു.

ഭാസിക്കെതിരായ നടപടിയില്‍ നിര്‍മാതാവ് സിയാദ് കോക്കറും പ്രതികരിച്ചു. അവതാരകയെ അപമാനിച്ച സംഭവം മാത്രമല്ല, സിനിമ സെറ്റുകളിലും മറ്റുമുള്ള പെരുമാറ്റവും കണക്കിലെടുത്ത് ഒരു ഡിസിപ്ലിന്‍ ലെവലില്‍ കാര്യങ്ങള്‍ എത്തണമെന്ന് എല്ലാവര്‍ക്കും ഒരു തോന്നല്‍ ഉണ്ടായത് കൊണ്ടാണ് അങ്ങനെയൊരു നടപടി സ്വീകരിച്ചത്. നേരത്തെ ഉയര്‍ന്ന് വന്ന പരാതികള്‍ പരിഗണിച്ചാണ് താല്‍ക്കാലിക വിലക്ക്. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാനുണ്ട്. അത് ചെയ്ത ശേഷം കുറച്ച്‌ നാളത്തേക്ക് ഒന്ന് മാറി നില്‍ക്കട്ടെയെന്നാണ് എല്ലാവരുടെയും അഭിപ്രായം. എങ്കിലെ ഒരു പുനര്‍വിചിന്തനം ഉണ്ടാകൂ എന്നും സിയാദ് കോക്കര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക