കേരളാ കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിന്റെ ജില്ലാ തെരഞ്ഞെടുപ്പുകള്‍ ഏതാണ്ട് എല്ലാം അവസാനിച്ചു. അവസാനമായി പാര്‍ട്ടി ആസ്ഥാനമായ കോട്ടയമാണ് ഉള്ളത്. മറ്റു ജില്ലകളില്‍ വിമര്‍ശകര്‍ കാത്തു വച്ചിരുന്ന പൊട്ടിത്തെറികള്‍ ഒന്നും ഉണ്ടായില്ല എന്നത് പാര്‍ട്ടി ചെയര്‍മാന് ആശ്വാസം പകരുന്ന ഒന്നാണ്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോഴത്തെ പ്രസിഡന്റ് തന്നെ തുടരുമെന്ന് എല്ലാവരും കരുതി ഇരിക്കുമ്ബോള്‍ ആണ് താന്‍ ആസ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പ്രസിഡന്റ് ഭാര്യസമേതം ചെയര്‍മാനെ പാലാ വീട്ടില്‍ ചെന്ന് നേരില്‍കണ്ട് അറിയിച്ചത്.

ജീവിതകാലം മുഴുവന്‍ തന്റെ നേതാവായിരുന്ന അന്തരിച്ച കെ എം മാണിയുടെ വിധവയെ സാക്ഷി നിര്‍ത്തിയാണ് ചെയര്‍മാനെ ഈ വിവരം ധരിപ്പിച്ചത്. തനിക്ക് 75 ഓളം വയസ്സായി എന്നും ഇനി വിശ്രമം ആവശ്യമാണ് എന്നും അദ്ദേഹം ചെയര്‍മാനെ ധരിപ്പിച്ചതായാണ് അറിയാന്‍ സാധിച്ചത്. ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ ജില്ല മുഴുവന്‍ ഓടി നടക്കാന്‍ ചെറുപ്പക്കാരെ ആരെയെങ്കിലും തന്റെ പകരക്കാരനായി നിയോഗിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു എന്നാണ് ജില്ലാ പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. സ്കൂള്‍ പഠനകാലം മുതല്‍ പാര്‍ട്ടിക്കു വേണ്ടി പണിയെടുത്തതാണ് എന്നും പാര്‍ട്ടി കാലാകാലങ്ങളില്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടുണ്ട് എന്ന് അദ്ദേഹം അനുസ്മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇനി ഭാര്യയോടൊപ്പം അമേരിക്കയിലുള്ള ഏക മകളുടെ കൂടെ കുറച്ചുനാള്‍ വിശ്രമിക്കാന്‍ തീരുമാനിച്ചു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു . തനിക്ക് പകരക്കാരനായി ഓഫീസ് ചാര്‍ജിന്റെ ചുമതലയുള്ള ചെറുപ്പക്കാരനായ ജോസഫ്‌ ചാമക്കാലെയെ ജില്ലാ പ്രസിഡന്റ് ആക്കണമെന്ന് ചെയര്‍മാനോട് ആവശ്യപ്പെട്ടു വെന്നാണ് അറിയുവാന്‍ സാധിച്ചത്. അങ്ങനെ വന്നാല്‍ മാണി ഗ്രൂപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കോട്ടയം ജില്ലാ പ്രസിഡണ്ടായി മാറും ചാമക്കാല. പാര്‍ട്ടി പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ എല്ലാവരെയും യോജിപ്പിച്ച്‌ കൊണ്ടുപോകാന്‍ പറ്റുന്ന ഒരാള്‍ ജില്ലാ പ്രസിഡണ്ടായി വരുന്നത് നന്നായിരിക്കും എന്ന് ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ പ്രസിഡന്റ് ഒരു ടേം കൂടി തുടരും എന്നായിരുന്നു നേതാക്കളുടെ പൊതുവായ ധാരണ. എന്നാല്‍ ഏക മകള്‍ക്കൊപ്പം വിശ്രമജീവിതം ആഗ്രഹിക്കുന്ന ഒരാളെ നിര്‍ബന്ധിച്ച്‌ പാര്‍ട്ടി ഭാരവാഹിത്വം അടിച്ചേല്‍പ്പിക്കുന്നത് ശരിയായ കീഴ്വഴക്കമല്ല എന്നാണ് പാര്‍ട്ടിയുടെ ഉന്നത അധികാര സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. ഏതായാലും ഇപ്പോഴത്തെ ജില്ലാ പ്രസിഡണ്ടിന്റിന്റെ പിന്മാറ്റത്തോടെ ഒരു തലമുറയുടെ തന്നെ മാറ്റമാണ് മാണി ഗ്രൂപ്പില്‍ ആസ്ഥാന ജില്ലയായ കോട്ടയത്ത് സംഭവിക്കുന്നത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക