ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനേക്കാള്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മുന്നിലെത്തിയതായി സര്‍വേ ഫലങ്ങള്‍. യൂഗവ് എന്ന പ്രമുഖ ബ്രിട്ടീഷ് അന്താരാഷ്‌ട്ര ഇന്‍റര്‍നെറ്റ് അധിഷ്‌ഠിത മാര്‍ക്കറ്റ് റിസര്‍ച്ച്‌ ആന്‍ഡ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനം നടത്തിയ സര്‍വേയിലാണ് ലിസ് ട്രസ് ഋഷി സുനകിനേക്കാള്‍ ഏറെ ദൂരം മുന്നിലെത്തിയതായി കണ്ടെത്തിയത്.

വ്യാഴാഴ്‌ച(21.07.2022) നടന്ന തെരഞ്ഞെടുപ്പില്‍ ഇരുവരും മാത്രമാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. ഇവരില്‍ ആരാകണം ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. സെപ്‌റ്റംബര്‍ അഞ്ചിനാണ് ഫലപ്രഖ്യാപനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്‍ ചാന്‍സലറായ സുനകിനെ ട്രസ് 19 പോയിന്‍റുകള്‍ക്ക് തോല്‍പ്പിക്കുമെന്ന് മുന്‍പ് സര്‍വേ ഫലങ്ങള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇരുവരും ഫൈനല്‍ റൗണ്ടിലേക്ക് എത്തിയ സാഹചര്യത്തില്‍ ട്രസ് തന്‍റെ മേധാവിത്വം നിലനിര്‍ത്തുമെന്നാണ് യൂഗവ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയത്. 730 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 62 ശതമാനം പേര്‍ ട്രസിന് അനുകൂലമായി വോട്ട് ചെയ്‌തു. 38 ശതമാനം പേര്‍ മാത്രമാണ് സുനകിനൊപ്പം നിന്നത്. കൂടാതെ നിലവില്‍ 24 പോയിന്‍റ് മുന്നിലാണ് ട്രസ്.

എല്ലാ വിഭാഗക്കാര്‍ക്കിടയിലും ബ്രക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്‌തവര്‍ക്കിടയില്‍ പോലും ട്രസ് ആണ് മുന്നില്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരാനായി ക്യാമ്ബയിന്‍ ചെയ്‌തവരില്‍ പ്രമുഖയായിരുന്നു ലിസ് ട്രസ്. എന്നാല്‍ ബ്രക്‌സിറ്റിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ഋഷി സുനകിന്‍റേത്. എന്നാല്‍ ആദ്യ അഞ്ച് റൗണ്ടിലും മുന്നില്‍ നിന്നിരുന്ന സുനകിന് ട്രസിന് മുന്‍പില്‍ അടിപതറുകയായിരുന്നു.

ടോറി എം.പിമാരുടെ അഞ്ചാമത്തെയും അവസാനത്തെയും റൗണ്ടില്‍ 137 വോട്ടുകള്‍ നേടിയാണ് സുനക് അവസാന ഘട്ടത്തിലേക്ക് കടന്നത്. രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 പേരുടെ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ പിന്നീട് കളംമാറ്റി ചവിട്ടിയതോടെ ടോറി അംഗങ്ങള്‍ക്കിടയില്‍ ട്രസിന് ജനപ്രീതി വര്‍ധിച്ചു. ബോറിസ് ജോണ്‍സന്‍റെ പിന്തുണയും ട്രസിനുണ്ട്.

ഋഷി ഒഴിച്ച്‌ ബാക്കി ആര് പ്രധാനമന്ത്രിയായാലും തനിക്ക് പ്രശ്‌നങ്ങളില്ലെന്ന് നേരത്തെ ബോറിസ് ജോണ്‍സന്‍ കണ്‍സര്‍വേറ്റീവ് എംപിമാരെ അറിയിച്ചിരുന്നു. ഇതും സുനകിന് തിരിച്ചടിയായേക്കും. സര്‍ക്കാരില്‍ നിന്ന് സുനക് രാജി വച്ചതായിരുന്നു ബോറിസിന്‍റെ രാജിയ്‌ക്ക്‌ വഴിതെളിച്ചത്. ശേഷം പല മന്ത്രിമാരും തുടരെ രാജി വയ്‌ക്കുകയായിരുന്നു.

ഋഷി സുനക് ജയിച്ചാല്‍ ആദ്യത്തെ ബ്രിട്ടീഷ് – ഏഷ്യന്‍ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിസ് ട്രസ് ആണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ബ്രിട്ടന്‍റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാകും. ആകെയുള്ള 357 എംപിമാരില്‍ മൂന്നിലൊന്ന് പിന്തുണയ്‌ക്ക്‌ 120 വോട്ടാണ് ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക