കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണു. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് ഇയാളെ പുറത്തെടുത്തു. തളിപ്പറമ്ബ് മുയ്യം പള്ളിവയലിലെ ആമ്ബിലാട്ട് എ പി ഷമീര്‍ (35) ആണ് വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ വീണത്.
തിങ്കളാഴ്ച രാത്രി 9.30 നാണ് സംഭവം. തുമ്ബത്തടത്തെ മുന്‍ പ്രധാനാധ്യാപകന്‍ കെ പവിത്രന്റെയും കണ്ണൂര്‍ ഡിഇഒ എ എം രാജമ്മയുടേയും വീട്ടിലാണ് ഇയാള്‍ മോഷണത്തിനെത്തിയത്. കിണറിന്റെ ആള്‍മറയില്‍ കയറി വീടിന്റെ പാരപ്പറ്റിലൂടെ വീടിനകത്ത് കയറാനുള്ള ശ്രമത്തിനിടെ ഇഷ്ടിക ഇളകി കിണറിലേക്ക് വീഴുകയായിരുന്നു.
പാരപ്പറ്റില്‍ നിന്നും ഒരു കത്തിയും കിട്ടിയിട്ടുണ്ട്. രാത്രി ഒമ്ബതരയോടെ ആരോ കൂവി വിളിക്കുന്ന ശബ്ദം കേട്ട് അയല്‍വാസിയായ പി വി വിനോദും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കിണറ്റില്‍ കണ്ടത്. ചൊവ്വാഴ്ച നടക്കുന്ന വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാനായി വീട്ടുമസ്ഥരായ പവിത്രനും രാജമ്മയും തിങ്കളാഴ്ച രണ്ടുമണിയോടെ വീട്ടില്‍ നിന്നും പോയിരുന്നു.
30 അടിയോളം ആഴമുള്ള കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. കിണറ്റില്‍ വീണ് പരിക്കേറ്റ ഷമീറിനെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പെരിങ്ങോം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷമീര്‍ തളിപ്പറമ്ബ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മൂന്ന് കളവ് കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.