തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ (Hema Committee Report) കര്‍ശന ഇടപെടലുമായി ദേശീയ വനിതാ കമ്മീഷന്‍ (national commission for women) അധ്യക്ഷ രേഖ ശര്‍മ (Rekha Sharma). ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് കത്തു നല്‍കി. പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കേരളത്തിലേക്ക് തന്റെ നേതൃത്വത്തിലുള്ള സംഘം എത്തി നേരിട്ട് വിഷയത്തില്‍ ഇടപെടുമെന്നും കത്തില്‍ പറയുന്നു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദേശീയ വനിതാ കമ്മീഷന്‍ നടത്തിയത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു. റിപ്പോര്‍ട്ട് വനിതാ കമ്മീഷന് നല്‍കിയിട്ടില്ല. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ വനിതാ കമ്മീഷന്‍ ഇടപെടും. സംസ്ഥാനത്തേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. ഡബ്ല്യുസിസി നിരന്തരം പരാതി നല്‍കിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷന്‍ ഹൗസുകളിലില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ടിന്‍റെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും പുറത്തുവിടണമെന്ന് സര്‍ക്കാരിന് എഴുതി നല്‍കിയിരുന്നുവെന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. ജനുവരി 21 ന് മന്ത്രി പി രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പറഞ്ഞത് രണ്ട് കാര്യങ്ങളാണ്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തരുത്. റിപ്പോര്‍ട്ടിന്‍റെ കണ്ടെത്തലുകളും ശുപാര്‍ശകളും പരസ്യമാക്കണം.

എന്നാല്‍ മന്ത്രി പി രാജീവ് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്‍റെ പരിപാടിയില്‍ പറഞ്ഞത് ഇങ്ങനെ- ‘ഡബ്ല്യുസിസി പ്രതിനിധികളെ ഞാന്‍ കണ്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് അവര്‍ തന്നെ മീറ്റിങ്ങില്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്റ്റിന് കീഴില്‍ അല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട കാര്യമില്ല’. മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടപ്പോഴും മന്ത്രി ഈ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക