കോഴിക്കോട്: വ്ലോഗറും യുട്യൂബറുമായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. റിഫയെ മാര്‍ച്ച്‌ ഒന്നിന് പുലര്‍ച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്. റിഫയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്നാണു സംസ്കരിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ.ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശ പ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വര്‍ഷം മുന്‍പായിരുന്നു വിവാഹിതരായത്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്ബനിയില്‍ ജോലിക്കായി ദുബായിലെത്തിയത്. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്. മെഹ്നാസ് നാട്ടിലുണ്ട്.

മരിക്കുന്നതിനു മുന്‍പ് തന്നോട് ഒരു കാര്യം പറയാനുണ്ടെന്നു റിഫ പറഞ്ഞിരുന്നുവെന്ന് ഭര്‍ത്താവ് മെഹ്നാസിന്റെ വെളിപ്പെടുത്തല്‍. യുട്യൂബ് ചാനലിലാണു മെഹ്നാസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ വഴക്കുണ്ടാകുമ്ബോള്‍ എല്ലായിപ്പോഴും പറയുന്നതു പോലെയാണെന്നാണു കരുതിയതെന്നും മെഹ്നാസ് പറയുന്നു. സംഭവത്തെ കുറിച്ച്‌ മെഹ്നാസ് പറയുന്നത് ഇങ്ങനെയാണ്:

മരിക്കുന്നതിന്റെ തലേ ദിവസം റിഫ ജോലി ചെയ്യുന്ന കടയില്‍ നിന്നു വളരെ വൈകിയാണു വന്നത്. എല്ലാ ദിവസവും 10-11 മണിയോടെ എത്തുന്ന റിഫ അന്ന് രാത്രി 1.45നാണ് എത്തിയത്. എവിടെപ്പോയി എന്നു ചോദിച്ചു വഴക്കുണ്ടാക്കിയിരുന്നു. എന്നാല്‍ വരാന്‍ വൈകുമെന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോകുന്നുവെന്നും പറഞ്ഞ് റിഫ നേരത്തേ അയച്ച മെസേജ് പിന്നീടാണു കണ്ടത്. അതു കണ്ടപ്പോള്‍ വഴക്ക് അവസാനിപ്പിച്ച്‌ പുറത്തു ഭക്ഷണം കഴിക്കാന്‍ പോയി. ഭക്ഷണം കഴിച്ച്‌ തിരിച്ചെത്തിയപ്പോള്‍ ഏകദേശം 3 മണിയായി. മുറിയില്‍ എത്തിയപ്പോഴാണ് റിഫയെ തൂങ്ങിയ നിലയില്‍ കണ്ടത്. പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴും രക്ഷപ്പെടുമെന്നായിരുന്നു പ്രതീക്ഷ എന്നും മെഹ്നാസ് പറയുന്നു.

കൂട്ടുകാരനും ക്യാമറാമാനുമായ ജംഷാദ് ശല്യപ്പെടുത്തുന്ന വിവരം റിഫ ഒരിക്കലും പറഞ്ഞിരുന്നില്ല. മുന്‍പ് നെഗറ്റീവ് ആയി പെരുമാറുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഉറക്കം കളയുന്നതായിട്ടു പറയുന്നുണ്ടായിരുന്നു. അക്കാര്യത്തില്‍ മാത്രം അവനെ താക്കീത് ചെയ്യേണ്ടി വന്നു. മറ്റു പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ല. നേരം വൈകിയതിനെ കുറിച്ച്‌ വഴക്കുണ്ടായപ്പോഴാണ് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞത്. പക്ഷേ അതെന്താണെന്നു പറഞ്ഞിരുന്നില്ല. എനിക്കു പറയാനുള്ളത് എന്താണെന്നു മെഹ്നു കേട്ടില്ലല്ലോ എന്നു ചോദിച്ചു പിന്നീട് ശബ്ദ സന്ദേശം അയച്ചിരുന്നു.

പക്ഷേ ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിരുന്നില്ല. അതിനു മാത്രം കാര്യമായിട്ട് എന്താണു സംഭവിച്ചതെന്ന് അറിയില്ല. ഞങ്ങള്‍ക്കു കടങ്ങളുണ്ടായിരുന്നു. അതു കുറേശ്ശെയായി വീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കാര്യമായ സമ്ബാദ്യമൊന്നുമില്ലാതിരുന്നിട്ടും റിഫയുടെ താല്‍പര്യപ്രകാരമാണ് ദുബായില്‍ തുടര്‍ന്നിരുന്നതെന്നും മെഹ്നാസ് പറയുന്നു.

ശാരീരികമായി ഉപദ്രവിച്ചു: സഹോദരന്‍

മരിക്കുന്നതിന്റെ തലേ ദിവസം വരെ റിഫ സന്തോഷവതിയായിരുന്നെന്നും രണ്ടു മണിക്കൂറിനുള്ളില്‍ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നുമാണു സഹോദരന്‍ വെളിപ്പെടുത്തുന്നത്. മരിക്കുന്നതിന്റെ രണ്ടു മണിക്കൂര്‍ മുന്‍പു വരെ റിഫയുമായി സംസാരിച്ചിരുന്നു. മുറിയിലേക്ക് എത്തുന്നതു വരെ അവളുമായി ചാറ്റ് ചെയ്തിരുന്നു. വളരെ ധൈര്യമുള്ള കുട്ടിയായിരുന്നു. അവളെ തകര്‍ത്തു കളയാന്‍ മാത്രമുള്ള എന്തോ കാര്യം അന്നു നടന്നിട്ടുണ്ട്. അല്ലാതെ അവള്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.

അവസാനം അവളുമായി സംസാരിച്ച്‌ 2 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് ഭര്‍ത്താവ് മെഹ്നു വിളിക്കുന്നത്. കോള്‍ എടുത്തപ്പോള്‍ കരയുന്നതാണു കേട്ടത്. പിന്നീട് ഇവരുടെ സുഹൃത്തും ഒരുമിച്ചു താമസിക്കുന്നവരുമായ ജംഷാദ് തിരിച്ചു വിളിച്ചു. പെട്ടെന്ന് ആശുപത്രിയില്‍ എത്താന്‍ പറഞ്ഞു. എന്താണെന്ന് മനസ്സിലായില്ല. അവിടെ എത്തിയപ്പോഴാണു പൊലീസും ഫൊറന്‍സിക് സംഘവും എത്തിയിരുന്നതായി കണ്ടത്. അവിടെയുണ്ടായിരുന്ന ചിലരാണു റിഫ മരിച്ചതായി പറഞ്ഞത്.

അവിടെ നിന്നു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി. അവിടെ എത്തി റിഫ എനിക്ക് അയച്ച സന്ദേശങ്ങളെല്ലാം പൊലീസിനു കാണിച്ചു കൊടുക്കുമ്ബോള്‍ മെഹ്നു തടഞ്ഞു. ഇതൊക്കെ കാണിച്ചാല്‍ ഇവിടെ നിന്നു പെട്ടെന്നു നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകാന്‍ കഴിയില്ല എന്നു പറഞ്ഞു. അപ്പോള്‍ അതു ശരിയാണെന്ന് എനിക്കു തോന്നി. പക്ഷേ അവിടെ നിന്നു വന്നതിനു ശേഷമാണു പല സംശയങ്ങളും മനസിലുണ്ടായതെന്നും സഹോദരന്‍ പറയുന്നു.

റിഫ മരിച്ചു കിടക്കുമ്ബോള്‍ മെഹ്നാസ് വിഡിയോ സ്റ്റോറി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതൊന്നും എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. അതൊക്കെ കണ്ടു വല്ലാതെ വിഷമിച്ചാണു ഞാന്‍ താമസ സ്ഥലത്തേക്കു തിരിച്ചു വന്നത്. ഇവരുടെ മുറിയിലേക്ക് മെഹ്നു പലപ്പോഴും സുഹൃത്തുക്കളെ കൊണ്ടു വന്നിരുന്നു. ഇതെല്ലാം റിഫ എതിര്‍ത്തിരുന്നു. തനിച്ചു കഴിയുമ്ബോള്‍ മെഹ്നുവിന്റെ സുഹൃത്ത് ജംഷാദ് മുറിയിലുണ്ടാകുന്നത് അവളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. ജംഷാദ് പലപ്പോഴും പരസ്പര വിരുദ്ധമായാണു കാര്യങ്ങള്‍ സംസാരിക്കുന്നത്. എനിക്കു ചില കാര്യങ്ങള്‍ അറിയാമെന്ന് ജംഷാദ് പറഞ്ഞെങ്കിലും അതെന്താണെന്നു പറയാന്‍ അയാള്‍ തയാറായില്ല.

മെഹ്നു പലപ്പോഴും റിഫയെ മര്‍ദിച്ചിരുന്നു. മുന്‍പൊരിക്കല്‍ അവളുടെ കാല്‍ ഒടിച്ചിരുന്നു. അന്നു ബൈക്കില്‍ നിന്നു വീണു പരുക്കേറ്റതാണെന്നാണ് അവള്‍ ഞങ്ങളോടെല്ലാം പറഞ്ഞത്. പലപ്പോഴും ആളുകള്‍ക്കിടയില്‍ വച്ചു പോലും റിഫയോട് അപമര്യാദയായി പെരുമാറാറുണ്ടായിരുന്നു. മെഹ്നു റിഫയുടെ കടയില്‍ പോകുന്നതൊന്നും റിഫ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും സഹോദരന്‍ പറയുന്നു. ദുബായില്‍ കേസ് റീ-ഓപ്പണ്‍ ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതിനായി അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ട്. ഇത് എന്റെ സഹോദരിയുടെ മാത്രം വിഷയമല്ല. ഒരുപാട് പെണ്‍കുട്ടികള്‍ ഇതുപോലെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും സഹോദരന്‍ യു ട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക