ലുധിയാന: ബര്‍ണാലയിലെ ഗോവിന്ദ്പുരയില്‍ ഇക്കഴിഞ്ഞ ജൂണില്‍ ഗോതമ്ബ് ഫാമിലെ ജലസേചന പമ്ബിന് സമീപം ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. 24 കാരനായ ലവ്പ്രീത് സിംഗ് ലാഡിയുടെതായിരുന്നു ആ മൃതദേഹം. ഭാര്യ ഉപേക്ഷിച്ച്‌ പോയതിലുള്ള മനോവിഷമം താങ്ങാതെ ലവ്‍പ്രീത് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് യുവാവിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. ലവ്പ്രീതിന്റെ ഭാര്യ ബിയാന്ത് കൗര്‍ 2019-ല്‍ പഠന വിസയില്‍ കാനഡയിലേക്ക് പോയിരുന്നു. ഇതിന് ശേഷം യുവതി ലവ്‍പ്രീതിനെ വിളിക്കാതെ ആയി എന്നാണ് കുടുംബം പറയുന്നത്.

വിദേശ രാജ്യങ്ങളില്‍ പോയി പഠിച്ച്‌/തൊഴില്‍ ചെയ്യണമെന്ന ആഗ്രഹം പഞ്ചാബിലെ യുവതീ യുവാക്കള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. വിദേശത്ത് പോയ ശേഷം ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ ഉപേക്ഷിച്ച കേസുകളില്‍ ഒന്ന് മാത്രമാണ് ലവ്‍പ്രീത് സിംഗിന്റേത്. വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കണമെന്ന ആഗ്രഹം ഭര്‍ത്താക്കന്മാര്‍ സാധിച്ച്‌ കൊടുക്കുമ്ബോള്‍ അത് മുതലെടുക്കുകയാണ് യുവതികളെന്നാണ് ഉയരുന്ന ആരോപണം. വിദേശത്തേക്ക് പോകാന്‍ ആവശ്യമായ പണം ഭര്‍ത്താവ് മുടക്കണം. ശേഷം, അവിടെ എത്തിക്കഴിഞ്ഞാല്‍ ഇവര്‍ ഭര്‍ത്താക്കന്മാരെ യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ ഒഴിവാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ ദി പ്രിന്റ് ആണ് ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാലമത്രയും ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് പോകുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളെ ഉപേക്ഷിച്ചെന്ന പരാതിയുമായി ഭാര്യമാരായിരുന്നു രംഗപ്രവേശനം ചെയ്തിരുന്നത്. രാജ്യം വിടുന്ന ഭര്‍ത്താക്കന്മാര്‍ തിരിച്ച്‌ വരുമോയെന്ന ഭയത്തിലും ആകാംഷയിലുമായിരുന്നു പഞ്ചാബിലെ സ്ത്രീകള്‍ കഴിഞ്ഞിരുന്നത്. 2016 ജനുവരി മുതല്‍ 2019 മെയ് വരെയുള്ള കാലയളവില്‍ 4,698 യുവതികളാണ് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ തങ്ങളെ ഉപേക്ഷിച്ചുവെന്ന് ആരോപിച്ച്‌ പരാതികള്‍ നല്‍കിയത്. 2019-ല്‍ വിദേശകാര്യ മന്ത്രാലയം ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ ഉള്ളത്. എന്നാല്‍, ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. രാജ്യം വിട്ട് കഴിഞ്ഞാല്‍ ഭാര്യമാര്‍ പിന്നെ തിരിച്ച്‌ വരുമോ എന്ന ഭയമാണ് പഞ്ചാബിലെ പുരുഷന്മാര്‍ക്ക്. ഇന്ന് സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച്‌ പോകുന്നു.

ഭാര്യയാല്‍ ഉപേക്ഷിക്കപ്പെട്ടത് അപമാനമായി കാണുന്നവര്‍ ഇപ്പോഴും ഒന്നും ആരെയും അറിയിക്കാതെ മുന്നോട്ട് പോകുന്നുണ്ട്. ജൂണില്‍ ജീവന്‍ വെടിഞ്ഞ ലവ്പ്രീതിന്റെ മരണത്തിന് പിന്നാലെ ‘ഉപേക്ഷിക്കപ്പെട്ട പുരുഷന്മാരില്‍’ ചിലര്‍ ഒത്തുകൂടി. അവര്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. ലവ്പ്രീതിന്റെ അമ്മാവന്‍ നിര്‍മ്മിച്ച ഒരു വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഉപേക്ഷിക്കപ്പെട്ട 78 പഞ്ചാബി പുരുഷന്മാര്‍ അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയാണ്. 35 ഭര്‍ത്താക്കന്മാര്‍ 2020-ല്‍ ലുധിയാന ആസ്ഥാനമായുള്ള ABBNHI എന്ന എന്‍.ജി.ഒയുമായി ബന്ധപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട ഭര്‍ത്താക്കന്മാര്‍ക്കുള്ള നിയമപരിഹാരം പരിമിതമാണെന്നിരിക്കെ, ഇവര്‍ക്കായി പഞ്ചാബ് ഗവണ്‍മെന്റ് എന്‍ആര്‍ഐ അഫയേഴ്‌സ് എഡിജിപി നീര്‍ജ വി അക്കാലത്ത് ശബ്ദമുയര്‍ത്തിയിരുന്നു. ഉപേക്ഷിക്കപ്പെട്ട ഭര്‍ത്താക്കന്മാരെ അംഗീകരിക്കുന്ന ഒരു നിയമവും ഇന്ത്യയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടാല്‍ അവര്‍ക്ക് നിയമപരമായ മാര്‍ഗം സ്വാകരിക്കാവുന്നതാണ്. കൂടാതെ അവരുടെ ഭാര്യമാര്‍ക്കെതിരെ വഞ്ചിച്ചതിനും മാനസിക പീഡനത്തിനും 498 (എ) വകുപ്പ് 420 (വഞ്ചന) പ്രകാരം കേസെടുക്കുകയും ചെയ്യാം.

സ്ത്രീകളുടെ കാര്യത്തില്‍ പക്ഷെ, ഇങ്ങനെയല്ല. അവര്‍ക്ക് കുറച്ച്‌ കൂടി സഹായങ്ങള്‍ ലഭ്യമാണ്. ഒളിച്ചോട്ടത്തിനെതിരായ നഷ്ടപരിഹാരത്തിനുള്ള അവകാശം സ്ത്രീകള്‍ക്ക് മാത്രമായി നിക്ഷിപ്തമാണ്. എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചുപോയ ഭാര്യമാരെ സഹായിക്കാന്‍ വനിതാ ശിശുവികസന മന്ത്രാലയത്തിന് ഒരു പ്രത്യേക സെല്‍ തന്നെ ഉണ്ട്. ഭാര്യമാരെ ഉപേക്ഷിക്കുന്ന യുവാക്കളുടെ പാസ്പോര്‍ട്ട് മുന്‍പ് പലസാഹചര്യങ്ങളിലും വിദേശകാര്യ മന്ത്രാലയംറദ്ദാക്കിയിട്ടുണ്ട്. ഇതേ നിയമസഹായം തങ്ങള്‍ക്കും നല്‍കണമെന്നാണ് ഇരകളായ പുരുഷന്മാര്‍ ആവശ്യപ്പെടുന്നത്.

‘പങ്കാളികളെ ഉപേക്ഷിക്കുന്ന സ്ത്രീകളെ നാടുകടത്താന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. പെണ്‍കുട്ടികള്‍ ഒരു പാഠം പഠിക്കേണ്ടതുണ്ട്’, ബര്‍ണാലയില്‍ നിന്നുള്ള ജസ്‌വീന്ദര്‍ സിംഗ് ദി പ്രിന്റിനോട് പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട പുരുഷന്മാരോട് തനിക്ക് അതിയായ വിഷമമുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ അവരുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കുമെന്നും പഞ്ചാബിലെ എന്‍ആര്‍ഐ കാര്യ മന്ത്രി പര്‍ഗത് സിംഗ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക