കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമായി സ്‌ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ച സംഭവത്തിൽ ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. വ്യാജ സ്‌ക്രീൻഷോട്ടുകൾ നിർമ്മിച്ച മൊബൈൽ ഫോൺ വീണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടൻ, തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു. എംവി നികേഷ് കുമാർ, പ്രമോദ് രാമൻ, ടിബി മിനി, സന്ധ്യ ഐപിഎസ്, ലിബർട്ടി ബഷീർ, മഞ്ജു വാര്യർ, ആഷിക് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്‌സ്ആപ്പ് ചാറ്റുകൾ സൃഷ്ടിച്ചത്.
ഷോൺ ജോർജിന്റെ ഫോണിൽ നിന്ന് കൊലപാതക ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്കാണ് സ്‌ക്രീൻ ഷോട്ടുകൾ വന്നത്. ‘ദിലീപിനെ പൂട്ടണം’ എന്നായിരുന്നു സംഘത്തിന്റെ പേര്. ഇത് ദിലീപ് ആരാധകർക്കിടയിൽ പ്രചരിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നാണ് സൂചന.