തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തോതില്‍ കുഴല്‍പ്പണം ഉപയോഗിച്ചതായി ആരോപണങ്ങള്‍ ശക്തമായതോടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നതായി സൂചന. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ബിജെപിയെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ കുഴല്‍പ്പണ വിവാദം രൂപപ്പെടുന്നത് കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഗ്രൂപ്പുകളുടെ പക്ഷം. അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സുരേന്ദ്രനെതിരെ നടപടി സ്വീകരിച്ചാല്‍ സാധിക്കുമെന്ന് ചിലര്‍ നേതാക്കളെ അറിയിച്ചതായും സൂചനയുണ്ട്.

സന്ദീപ് വാര്യര്‍, ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ് തുടങ്ങിയവര്‍ വിഷയത്തില്‍ ഉടന്‍ പരസ്യ നിലപാട് വ്യക്തമാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഉല്ലാസ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം ധര്‍മ്മാരാജന്‍ നല്‍കിയ ഹര്‍ജി കോടതി മടക്കി അയക്കുകയും ചെയ്തിരുന്നു. മോഷ്ടിക്കപ്പെട്ട പണം തിരികെ ലഭിക്കാന്‍ ധര്‍മ്മരാജന്‍ നടത്തുന്ന നീക്കങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍. പോസ്റ്ററുകള്‍ പ്രിന്റ് ചെയ്യാനുള്ള ജോലി മാത്രമുള്ള ധര്‍മ്മരാജന്‍ എന്തിന് പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കളെ നിരന്തരം ബന്ധപ്പെട്ടുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ. സുരേന്ദ്രന്റെ മകനും ഈ സാഹചര്യത്തില്‍ സംശയത്തിന് നിഴലിലായത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കുഴല്‍പ്പണം കേരളത്തിലെത്തിയ വഴി അന്വേഷിച്ചാല്‍ സംസ്ഥാന നേതാക്കളിലേക്കും അതുവഴി സുരേന്ദ്രന്റെ വിശ്വസ്തരായ അനുയായികളിലേക്കും കാര്യങ്ങളെത്തിക്കാനാണ് സാധ്യത. ഈ വിലയിരുത്തലാണ് ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചിരിക്കുന്നതെന്ന് സൂചനകള്‍ വ്യക്തമാക്കുന്നു. കൊടകര കുഴല്‍പ്പണം കൊള്ളയടിച്ച കേസില്‍ കെ. സുരേന്ദ്രന്റെ മകനെതിരെയും അന്വേഷണം ഉണ്ടായി സ്ഥിതിക്ക് പാര്‍ട്ടി ഇനിയും അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ സുരേന്ദ്രനെ കൈവിടുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നാണ് ചില മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

ദേശീയ നേതൃത്വം വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്താത് സുരേന്ദ്രന് തിരിച്ചടിയാണ്. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ വ്യക്തമാക്കുന്ന നിലപാടിനും നിര്‍ണായക പ്രാധാന്യമുണ്ട്. പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ നേതാക്കള്‍ ഒന്നിച്ചിറങ്ങുമെങ്കിലും ആഭ്യന്തര തലത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സുരേന്ദ്രനെതിരായ നടപടി വേണമെന്ന് ചില നേതാക്കള്‍ ശാഠ്യം പിടിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും . അതേസമയം വിഷയത്തില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക