നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയത്. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ദിലീപ് സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരാജ്, വിഐപി എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരാണ് ഗൂഢാലോചന കേസിലെ പ്രതികള്‍.

അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം വെള്ളിയാഴ്ച വരെ തുടരും. ആറ് പ്രതികളുടെ അറസ്റ്റിനുള്ള വിലക്കും വെള്ളിയാഴ്ച വരെ തുടരും. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഇന്നലെ ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലും, ശരത്ത് എന്ന സുഹൃത്തിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അനുബന്ധ തെളിവുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന നീക്കമെന്നാണ് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പുതിയ വെളിയപ്പെടുത്തലുകളില്‍ പള്‍സര്‍ സുനിയുടെ മൊഴിയെടുക്കും. ഇതിനായി അനുമതി തേടി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. പള്‍സര്‍ സുനി അമ്മയ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയും അന്വേഷണ സംഘം ശേഖരിക്കും.

അതിനിടെ,നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായര്‍ തന്നെയാണെന്ന് അന്വേഷണസംഘം. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താന്‍ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച വിഐപി ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ശരതിന്റെ ഫോണ്‍ കുറച്ച്‌ ദിവസങ്ങളായി സ്വിച്ച്‌ ഓഫ് ആയിരുന്നു. ഇക്കാര്യം ശരത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക