
ആലുവ സിഐ സി.എല്‍ സുധീറിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. ഗാര്‍ഹിക പീഡന പരാതിയുമായി സമീപിച്ച യുവതിയെ സിഐ അപമാനിച്ചെന്നാണ് പരാതി. രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരിക്കേണ്ടിവന്നു. സിഐയുടേത് സ്ത്രീവിരുദ്ധ നിലപാടെന്നും പരാതിക്കാരി ആരോപിച്ചു. ‘എടീ’ എന്ന് വിളിച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിച്ചു.
ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആലുവ സ്വദേശിനിയുടെ ആരോപണം. വനിതാ സെല്‍ അന്വേഷിക്കാത്ത സാഹചര്യത്തിലാണ് സിഐയെ സമീപിച്ചത്. മധ്യസ്ഥ ചര്‍ച്ച നടന്ന ദിവസം മോഫിയയെ പൊലീസ് സ്റ്റേഷനില്‍വെച്ച് കണ്ടിരുന്നു. മോഫിയ മാനസികമായി തളര്‍ന്നിരുന്നു എന്നും യുവതി പറഞ്ഞു.
യുവതിയുടെ വാക്കുകൾ ഇങ്ങനെ:
‘പരാതി കേള്‍ക്കാനോ മനസിലാക്കാനോ ശ്രമിക്കാതെയായിരുന്നു സിഐയുടെ പ്രതികരണങ്ങള്‍. ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് സംസാരിച്ചത്. രാത്രി 12 മണിയായിട്ടും ഇറങ്ങിപ്പോടീ എന്നാണ് പറഞ്ഞത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് പരാതി നല്‍കാന്‍ ആലുവ സ്‌റ്റേഷനില്‍ എത്തിയത്. പിറ്റേന്ന് രാവിലെ 11 മണിവരെ സ്റ്റേഷനില്‍ എന്നെ തനിച്ച് സ്റ്റേഷനില്‍ ഇരുത്തി. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി നല്‍കാനായി എത്തിയ എന്നോട്, പ്രതികളെ സംരക്ഷിക്കുന്ന തരത്തിലാണ് പൊലീസ് സംസാരിച്ചത്. അന്ന് മോഫിയയെ കണ്ടിരുന്നു. ആ കുട്ടി വളരെയധികം വിഷമത്തിലായിരുന്നു. ആ സമയത്ത് പലരും പല പരാതികളുമായി എത്തിയിരുന്നു. എന്നാല്‍ അവരോടൊക്കെ നല്ല സമീപനമായിരുന്നു സിഐയുടേത്’. യുവതി പറഞ്ഞു.