ഹൈദരാബാദ്: ആഫ്രിക്കന്‍ സിംഹത്തിന്റെ മുന്നില്‍ അകപ്പെട്ട 31കാരനെ രക്ഷപ്പെടുത്തി. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ സിംഹത്തിന്റെ ഗുഹക്ക് സമീപത്തെ പാറക്കല്ലിലേക്ക് യുവാവ് ചാടിക്കയറുകയായിരുന്നു. ജി സായ്കുമാര്‍ എന്ന യുവാവാണ് സിംഹത്തിന് മുന്നില്‍ അകപ്പെട്ടത്.
ജീവനക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത പാറക്കല്ലുകള്‍ കൊണ്ടുതീര്‍ത്ത മതില്‍ക്കെട്ടിനകത്താണ് യുവാവ് കടന്നത്. ഒരു പാറക്കൂട്ടത്തിനു മുകളില്‍ സായ്കുമാര്‍ ഇരിക്കുന്നതും തൊട്ടുതാഴെ സിംഹം അയാളെ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അടിതെറ്റിയാല്‍ സിംഹത്തിന്റെ മുന്നിലേക്കാകും യുവാവിന്റെ വീഴ്ച.
സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റുള്ളവര്‍ ജീവനക്കാരെ വിവരം അറിയിച്ചു. ആളുകള്‍ യുവാവിനോട് ആക്രോശിക്കുന്നതും സൂക്ഷിക്കാന്‍ പറയുന്നതും സഹായത്തിനായി വിളിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. യുവാവിനെ മൃഗശാല ജീവനക്കാര്‍ രക്ഷപ്പെടുത്തി പിടികൂടി ബഹദൂര്‍പുര പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചെന്ന് നെഹ്രു സുവോളജിക്കല്‍ പാര്‍ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.