കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്നുപേർ കാർ അപകടത്തിൽ മരിച്ച സംഭവത്തിൽ മത്സരയോട്ടം നടന്നതായി പൊലീസ്. ഇവരെ പിന്തുടർന്നെത്തിയ ആഡംബര കാർ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജുവിനെ ചോദ്യം ചെയ്തു വിട്ടയച്ച ശേഷമാണ് പൊലീസിന്റെ പ്രതികരണം. ഐപിസി 279 പ്രകാരം അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടുക്കും. അപകടത്തിൽപെട്ട കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ അടുത്ത ദിവസം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാകുക.

സൈജുവിനെ പൊലീസ് വിട്ടയച്ചെങ്കിലും എപ്പോൾ വേണമെങ്കിലും വിളിപ്പിച്ചാൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതകളില്ലെന്നാണു വിവരം. കുണ്ടന്നൂരിൽ വാക്കുതർക്കമല്ല, യുവതികൾ ഉൾപ്പടെയുള്ളവർക്കു ഹോട്ടലിൽ താമസിക്കാം എന്നു പറയുക മാത്രമാണു ചെയ്തതെന്നും വേഗം കുറച്ചു പോകാൻ പറയുന്നതിനാണു പിന്തുടർന്നത് എന്നുമാണ് സൈജു നൽകിയ മൊഴിയിലുള്ളത്. സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണ്. എന്നാൽ വാഹനം ഹോട്ടൽ ഉടമയുടേതല്ലെന്നാണു വിവരം. വേറൊരാളുടെ വാഹനമാണ് ഉപയോഗിക്കുന്നതെന്നാണ് സൈജു പൊലീസിനോടു പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിൽ ഹോട്ടൽ ഉടമ എവിടെയാണെന്നതിനെക്കുറിച്ചു വിവരമില്ലെന്നു പൊലീസ് പറഞ്ഞു. ഇയാൾ കേസിൽ പ്രതിയല്ലാത്തതിനാൽ ഒളിവിലാണെന്നു പറയാനാകില്ല. ഹാർഡ് ഡിസ്ക് നശിപ്പിച്ചതിനു തെളിവു നശിപ്പിച്ചെന്ന പേരിൽ കേസെടുക്കേണ്ട സാഹചര്യമില്ല. ഹോട്ടലിനുള്ളിലെ ദൃശ്യങ്ങൾ ഉള്ള ഹാർഡ് ഡിസ്ക് പൊലീസിനു ലഭിച്ചിട്ടില്ല. അകത്തു നടന്ന ഇടപാടുകളും, ഇടപാടുകാരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനുമാകണം ഹാർഡ് ‍ഡിസ്ക് നശിപ്പിച്ചതെന്നാണു സൂചന. കൂടുതൽ പരിശോധനയിൽ ഹോട്ടലിനു പുറത്തേക്കു യുവതികൾ വരുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതിൽ പെൺകുട്ടികൾ നൃത്തം ചെയ്താണ് ഇറങ്ങി പോകുന്നതെന്നും പൊലീസ് മനോരമ ഓൺലൈനോടു പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക