കൊച്ചി: സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന് കസ്റ്റംസ് ഒരുകോടിരൂപ പിഴ ചുമത്തി.കൂട്ടാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കും 25 മുതല്‍ 50 ലക്ഷം രൂപ വരെ പിഴ ചുമത്തി. നാലുപേരെയും സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതിന് പുറമേയാണിത്. സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പായാണ് നടപടിയെ കസ്റ്റംസ് വിലയിരുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡല്‍ഹി സ്വദേശികളായ രാഹുല്‍ പണ്ഡിറ്റ്, രോഹിത്കുമാര്‍ ശര്‍മ, കൃഷന്‍ കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര പാസ്വാന്‍ എന്നിവരെയാണ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് കനത്തപിഴ ചുമത്തിയത്.രാജ്യത്ത് അപൂര്‍വമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതും കനത്തതുക പിഴചുമത്തുന്നതും. നടപടിക്കെതിരേ അപ്പീല്‍നല്‍കണമെങ്കില്‍ പിഴത്തുകയുടെ 7.5 ശതമാനം കെട്ടിവെക്കണം. ഒരുകോടി രൂപ പിഴ ലഭിച്ചയാള്‍ അപ്പീല്‍ നല്‍കിയതായാണ് സൂചന. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരായിരുന്നു ഇവര്‍.

രാഹുല്‍ പണ്ഡിറ്റിന് സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 2019 ഓഗസ്റ്റ് 19-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 4.5 കിലോഗ്രാം സ്വര്‍ണം പിടിച്ചിരുന്നു. ഈ കള്ളക്കടത്തിന് സഹായിച്ചെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്. തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ ഇവരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. തുടര്‍നടപടിയായാണ് പിഴ ചുമത്തിയത്.രാഹുല്‍ പണ്ഡിറ്റിനാണ് ഒരുകോടി രൂപ പിഴ ചുമത്തിയത്. സ്വര്‍ണക്കടത്തുസംഘങ്ങളുമായി അടുത്തബന്ധമുണ്ടായിരുന്ന ഇയാളാണ് മറ്റ് ഉദ്യോഗസ്ഥരെ ഈ വലയിലേക്ക് എത്തിച്ചതെന്നാണ് കണ്ടെത്തല്‍. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥരായിരുന്ന സാകേന്ദ്ര പാസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവര്‍ക്ക് അമ്ബതുലക്ഷം രൂപ വീതവും രോഹിത് കുമാര്‍ ശര്‍മയ്ക്ക് 25 ലക്ഷവുമാണ് പിഴ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക