കൊച്ചി: പ്രവാസി വനിത അനിത പുല്ലയിലിന്റെ ക്ഷണപ്രകാരം മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റയും എ.ഡി.ജി.പി മനോജ് ഏബ്രഹാമും പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി. മ്യൂസിയത്തിലെത്തി മോശയുടെ അംശവടിയും ടിപ്പുവിന്റെ സിംഹാസനവും കണ്ടിട്ട് ഉന്നതരായ രണ്ട് പോലീസുദ്യോഗസ്ഥർക്ക് പുരാവസ്തുക്കളുടെ കാലപ്പഴക്കത്തില്‍ സംശയം തോന്നാതിരുന്നത് അതിലേറെ അമ്ബരപ്പിയ്ക്കുന്നതായി കോടതി വ്യക്തമാക്കി.

സന്ദര്‍ശനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞാണ് ഇന്റലിജന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ അന്വേഷണം പൂര്‍ത്തിയാവാനും മാസങ്ങളെടുത്ത്. പോലീസ് സംവിധാനം പൂര്‍ണ്ണമായും നിഷ്‌ക്രിയമായ ആ കേസില്‍ എന്താണ് സംഭവിയ്ക്കുന്നതെന്ന് കോടതി ചോദിച്ചു. മോന്‍സനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഇയാള്‍ക്ക് പിന്നീട് എങ്ങിനെ വിദേശയാത്ര നടത്താനായി. എന്തുകൊണ്ട് യാത്രകള്‍ തടയാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. പുറത്തുവരുന്ന വിവരളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ കേസെടുത്തോയെന്ന് കോടതി ആരാഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐ.ജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിയ്ക്കുകയാണ്. എതൊക്കെ ഉദ്യോഗസ്ഥര്‍ തെറ്റു ചെയ്താലും നടപടിയുണ്ടാകും. കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂടിവെയ്ക്കാന്‍ ശ്രമിയ്ക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അന്വേഷണം ക്യത്യമായി നിരീക്ഷിയ്ക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കേസില്‍ ഇ.ഡി.യെ കക്ഷി ചേര്‍ക്കുന്നതായും അറിയിച്ചു.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് ക്യത്യമായ ഉത്തരം നല്‍കാത്തതില്‍ കോടതി ഒരു ഘട്ടത്തില്‍ ക്ഷുഭിതനായി. മോന്‍സനുമായി ബന്ധപ്പെട്ട കേസ് രേഖകളില്‍ എന്തു രഹസ്യസ്വഭാവമാണുള്ളതെന്ന് കോടതി ചോദിച്ചു. ജനങ്ങള്‍ അറിയേണ്ടതുകൊണ്ടാണ് താന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിയ്ക്കുന്നതെന്നും കോടതി വ്യക്തമാക്കി. നേരത്തെ മോന്‍സനെതിരെ അന്വേഷണത്തിന് മനോജ് ഏബ്രഹാം കത്തയച്ചു എന്ന വാദം തെറ്റല്ലേ എന്നു കോടതി ചോദിച്ചിരുന്നു. മനോജ് ഏബ്രഹാം അയച്ച കത്ത് എവിടെയെന്ന് കോടതി ചോദിച്ചു.

പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്‌മണനെ ഇന്നലെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.. മോന്‍സണിന്റെ പുരാവസ്‌തു വില്‍പനയ്ക്ക് ലക്ഷ്‌മണ ഇടനിലനിന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകളും പുറത്തായിരുന്നു. നടപടിക്ക് ശിപാര്‍ശ ചെയ്‌ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു.

മോന്‍സണ്‍ അറസ്റ്റിലായതറിഞ്ഞ് ഐ.ജി ലക്ഷ്‌മണ നിരവധി തവണ മാനേജര്‍ ജിഷ്‌ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആന്ധ്ര സ്വദേശിനിയെ മോന്‍സണ്‌ പരിചയപ്പെടുത്തിയത് ലക്ഷ്‌മണയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈബിള്‍, ഖുര്‍ആന്‍, രത്നങ്ങള്‍ എന്നിവ ഇടനിലക്കാരി വഴി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തി. മോന്‍സന്‍ മാവുങ്കലും ഐ.ജി ലക്ഷ്‌മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോന്‍സണിന്റെ മാനേജറുമായി ഐ.ജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്.

ഐജിയുടെ നേതൃത്വത്തില്‍ തിരുവനതപുരം പൊലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബില്‍ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു. ഐജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്.

ഇടപാടുകളുടെ വാട്സ്‌ആപ് ചാറ്റുകള്‍ പുറത്ത് ആയിട്ടുണ്ട്. ഐജി ലക്ഷ്മണിന്റെ, സ്റ്റാഫില്‍ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാല്‍, റെജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ എതിരെ ആണ് തെളിവുകള്‍. മോന്‍സന്റെ ജീവനക്കാരോട് പൊലീസുകാര്‍ പുരാവസ്തുക്കള്‍ എത്തിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്ന് തെളിയിക്കുന്ന വാട്സ്‌ആപ് ചാറ്റുകളും പുറത്തായവയില്‍ ഉള്‍പ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക