തിരുവനന്തപുരം : അമ്പതുകോടി രൂപയ്ക്കു മുകളില്‍ മുതല്‍മുടക്കുള്ള വ്യവസായത്തിന് ഇനി ഏഴു ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കും.ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനകം വ്യവസായം തുടങ്ങാന്‍ കോമ്ബോസിറ്റ് ലൈസന്‍സ് നല്‍കുമെന്ന് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് കുതിപ്പേകുന്ന കേരള സൂക്ഷ്മ–- ചെറുകിട–- ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍ കഴിഞ്ഞ ദിവസം നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധന അനുസരിച്ച്‌ ചുവപ്പ് വിഭാഗത്തില്‍പെടാത്തതാകണം വ്യവസായം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ ബ്യൂറോക്കാണ് കോമ്ബോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള അധികാരം. ഏതു വകുപ്പിന്റെ അനുമതിക്കും പൊതു അപേക്ഷാ ഫോറം നല്‍കിയാല്‍ മതി. ഏഴു ദിവസത്തിനകം തീരുമാനമെടുക്കണം. ലൈസന്‍സിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. ലൈസന്‍സ് ലഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ നിബന്ധന പാലിച്ചതായി വ്യക്തമാക്കി സ്ഥാപനം സത്യവാങ്മൂലം നല്‍കണം. അഞ്ചു വര്‍ഷം കഴിഞ്ഞ് ലൈസന്‍സ് പുതുക്കുന്നതിനും ഇതേ പ്രക്രിയ മതി. ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്നുമാസംമുമ്ബ് അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനകം പുതുക്കി നല്‍കും.വ്യവസായത്തര്‍ക്ക പരിഹാരത്തിനുള്ള സംസ്ഥാന–- ജില്ലാ പരാതി പരിഹാര സമിതികള്‍ ഉടന്‍ രൂപീകരിക്കും. അഞ്ചുകോടി രൂപവരെ മുതല്‍മുടക്കുള്ളവയെ സംബന്ധിച്ച്‌ ജില്ലാതല സമിതിയും അതിനു മുകളില്‍ സംസ്ഥാനതല സമിതിയും പരിഗണിക്കും. 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപവരെ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക