തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലടക്കം തഴയപ്പെടുകയും, സി.പി.എമ്മിൽ നിന്നും കാര്യമായ പിൻതുണ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പ് സി.പി.എമ്മുമായി ഇടഞ്ഞാതായി സൂചന. സി.പി.എം വച്ചു നീട്ടിയ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ചെറിയാൻ സ്ഥാനം സ്വീകരിക്കുന്നില്ലെന്നാണ് പ്രതികരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള ഒരു സീറ്റ് ചെറിയാൻ ഫിലിപ്പ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഈ സീറ്റ് സി.പി.എം നൽകാൻ തയ്യാറായില്ല. നിയമസഭാ സീറ്റ് ലഭിക്കാതെ വന്നതോടെ ഇദ്ദേഹം രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ചിരുന്നു. ചർച്ചകളിൽ ഇദ്ദേഹത്തിന്റെ പേര് മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ പേര് പരിഗണിച്ചെങ്കിലും ഇദ്ദേഹത്തിന് പകരം ജോൺബ്രിട്ടാസിനെയാണ് സി.പി.എം രാജ്യസഭയിലേയ്ക്ക് അയച്ചത്. ഇതേ തുടർന്നു ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേയ്ക്കു പലരും തിരികെ വിളിക്കുക പോലും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ചെറിയാൻ ഫിലിപ്പ് സി.പി.എം നൽകിയ സ്ഥാനം സ്വീകരിക്കാത്തത് എന്നാണ് സൂചന. എന്നാൽ, ഇദ്ദേഹത്തിന്റെ വിശദീകരണവുമായി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ഇതാണ് ഇപ്പോൾ സംസ്താന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്. അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശോഭനാ ജോർജ് രാജിവച്ച ഒഴിവിലേക്ക് ചെറിയാൻ ഫിലിപ്പിനെ നിയമിച്ചുകൊണ്ടു കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് കെടിഡിസി ചെയർമാനായിരുന്നു ചെറിയാൻ ഫിലിപ്പ്.

ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പിൽനിന്ന്:

അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല.

40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രത്താളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്സ് തന്റെ സിദ്ധാന്തങ്ങൾ ആവിഷ്‌ക്കരിച്ചത്. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹദ് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക