തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷമായി അടഞ്ഞു കിടന്നിരുന്ന കോളേജുകള്‍ ഇന്ന് തുറക്കും.സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആണ് ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുക. കോവിഡ് സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കുക.രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച അദ്ധ്യാപകരേയും വിദ്യര്‍ത്ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ക്ലാസ് നടത്തും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തുകയും കോളേജുകള്‍ അണുനശീകരണം പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കുന്നത്.അഞ്ചും ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളുമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച്‌ ആയി പരിഗണിച്ച്‌ ഇടവിട്ടുള്ള ദിവസങ്ങളിലുമാവും ക്ലാസുകള്‍ നടത്തുക.വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റ് കോളേജ് ജിവനക്കാരും എന്‍95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം. യാത്രകളിലും ക്യാമ്ബസുകളിലും മാസ്‌ക് താഴ്‌ത്തി സംസാരിക്കാന്‍ പാടില്ല. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.ക്ലാസ്സുകളുടെ സമയം ക്രമം കോളേജുകള്‍ക്ക് തീരുമാനിക്കാം. മറ്റു സെമസ്റ്ററുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും. എന്‍ജിനീയറിങ് കോളജുകളില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. കലാലയങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ നടത്തേണ്ടത്. എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികള്‍ ഉറപ്പാകുകയും ചെയ്യണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക