കല്പറ്റ: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നിര്‍ജീവം.അന്വേഷണ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നിയെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് കേസിലെ തുടരന്വേഷണം നിലച്ചത്. അന്വേഷണ ചുമതല ഇപ്പോഴും അദ്ദേഹത്തിനുതന്നെയാണ്.തിരൂര്‍ സ്റ്റേഷന് പരിധിയില്‍ ജോലിത്തിരക്ക് ഏറെയുള്ളതിനാല്‍ ബെന്നിക്ക് മരംമുറി കേസിെന്റ അന്വേഷണത്തില്‍ ഇതുവരെ ശ്രദ്ധകേന്ദ്രീകരിക്കാനായിട്ടില്ല. പിടികൂടിയ ഈട്ടിമരത്തടികളുടെ സാമ്ബ്ള്‍ ശേഖരിക്കല്‍, വന-റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം. സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പിയായി ചുമതലയേറ്റ ടി.പി. ജേക്കബിന് കേസിെന്റ അന്വേഷണ ചുമതല ഇതുവരെ കൈമാറിയിട്ടുമില്ല.അതേസമയം, കേസിലെ മുഖ്യപ്രതികളുടെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച 60 ദിവസം പിന്നിട്ടു. സഹോദരങ്ങളായ മുട്ടില്‍ വാഴവറ്റ മൂങ്ങനാനിയില്‍ റോജി അഗസ്റ്റിന്, ആേന്റാ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന്, ഡ്രൈവര്‍ എം.വി. വിനീഷ് എന്നിവരെ കഴിഞ്ഞ ജൂലൈ 28ന് കുറ്റിപ്പുറം പാലത്തില്‍വെച്ചാണ് പൊലീസ് പിടികൂടിയത്. ഇവരുടെ റിമാന്‍ഡ് കാലാവധി വ്യാഴാഴ്ച അവസാനിക്കും.10 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വരുംദിവസങ്ങളില്‍ സെക്ഷന്‍ 167 പ്രകാരം പ്രതികള്‍ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.അന്വേഷണം ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയമെടുക്കുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. കൂടാതെ, മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലും മേപ്പാടി റേഞ്ച് ഓഫിസറുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കേസില്‍ മേപ്പാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അഗസ്റ്റിന് സഹോദരങ്ങള്‍ പ്രതികളാണ്. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റര്‍ ചെയത കേസിലെ അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഈ കേസില്‍ വരുംദിവസങ്ങളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.