മോൻസൻ മാവുങ്കൽ ഒരു പാഠപുസ്തകമാണ്, കോടികളുടെ ലാഭം ഉണ്ടാക്കാം എന്നു പറഞ്ഞാൽ മലയാളി എത്ര യുക്തിയില്ലാത്ത ചിന്തകളുടെ പുറകെ വേണമെങ്കിലും പോയി പണം ചിലവഴിക്കും എന്ന് നമ്മെ വീണ്ടും പഠിപ്പിച്ചു തരുന്ന ഒരു പാഠപുസ്തകം. ആട്, കോഴി, മാഞ്ചിയം എന്നിവയിൽ തുടങ്ങി റൈസ് പുള്ളർ വെള്ളിമൂങ്ങ ഇരുതലമൂരി സോളാർ എന്നിവയിലൂടെ വളർന്ന് ഇപ്പോൾ മോൻസൻ മാവുങ്കലിൽ എത്തിനിൽക്കുന്ന തട്ടിപ്പു കഥകളെല്ലാം മലയാളിയുടെ അത്യാർത്തി കൊണ്ട് വിജയഗാഥ എഴുതിയവയാണ്.

സിഐഡി മൂസ എന്ന സിനിമയിൽ സലിംകുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ഥലത്തേക്ക് എല്ലാ ആളുകളെയും പറഞ്ഞുവിടുന്നത് അവിടെ ബിരിയാണി കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞാണ്. ഇത് അയാൾ ബോധപൂർവ്വം കബളിപ്പിക്കാൻ പറയുകയാണ്. ഒടുവിൽ എല്ലാവരെയും അങ്ങോട്ടു പറഞ്ഞു വിട്ട ശേഷം അയാളും അങ്ങോട്ട് തന്നെ പോകുമ്പോൾ മറ്റൊരു കഥാപാത്രം നീ എന്തിനാ അങ്ങോട്ട് പോകുന്നത് എന്ന് ചോദിക്കുന്നു. അതിനയാൾ നൽകുന്ന മറുപടി ഇങ്ങനെയാണ്: “ഇനി അവിടെ എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ” ഇത് മനോഭാവമാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത് നാം ഓരോരുത്തർക്കും ഉള്ളത്. എത്രമാത്രം യുക്തിക്ക് നിരക്കാത്ത പദ്ധതി ആണെങ്കിലും തട്ടിപ്പുകാരൻ പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന ഒരു ചിന്ത അതാണ് നമ്മളെ പലപ്പോഴും ഈ തട്ടിപ്പുകൾക്ക് ഇരയാകുന്നത്. സലിംകുമാർ പറയുന്ന “ഇനി അവിടെ എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടോ” എന്ന ചിന്തയ്ക്ക് സമാനമാണ് മലയാളിയുടെ മനോനിലയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ നാം ചിന്തിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വിഷയം ഉണ്ട്. രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും സിനിമാക്കാരും ഒക്കെ പോട്ടെ രാജ്യത്തെതന്നെ കടുപ്പമേറിയ സിവിൽ സർവീസ് പരീക്ഷ പാസായി തന്ത്രപ്രധാനമായ തസ്തികകളിൽ ഇരിക്കുന്ന ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരും ചേർത്തലയിലെ ആശാരി ഉണ്ടാക്കിയ ടിപ്പുവിൻറെ സിംഹാസനത്തിൽ കയറി ചിത്രങ്ങളെടുത്തു. അവരിൽ പലരും ഇപ്പോൾ പറയുന്നത് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടിരുന്നു പക്ഷേ പരാതിയില്ലാത്തതിനാൽ അന്വേഷിച്ചില്ല എന്നാണ്. ഇത്തരമൊരു അവകാശവാദത്തിന് യാതൊരു അടിസ്ഥാനവുമില്ല കാരണം കുറ്റകൃത്യം തടയുക എന്ന ഉത്തരവാദിത്വമാണ് ഇവരിൽ നിക്ഷിപ്തമായിരിക്കുന്നത്. സ്വയം പറ്റിക്കപ്പെട്ടിട്ടു പോലും പരാതിയില്ലാത്തതിനാൽ അന്വേഷിച്ചില്ല എന്ന മുടന്തൻ ന്യായം ഇവരുടെ പദവിയുടെ അന്തസ്സിന് ചേർന്നതല്ല.

ഇനിയെങ്കിലും മലയാളികൾ മാറണം. സാമാന്യബുദ്ധിയോടെ പ്രവർത്തിക്കണം. പണം ഉണ്ടാക്കാൻ അങ്ങനെ എളുപ്പം മാർഗങ്ങളും, കുറുക്കുവഴികളും ഇല്ല എന്ന് തിരിച്ചറിയണം. ഇല്ലെങ്കിൽ നാം പരിഹാസത്തിന് പാത്രങ്ങളായി മാറും. കുറുക്കുവഴിയിൽ പണം സമ്പാദിക്കാം എന്നുകേട്ടാൽ എന്ത് യുക്തി ഇല്ലായ്മയുടെ പുറകെയും തുനിഞ്ഞിറങ്ങുന്ന വിഡ്ഢികൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക