ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി. ഇത് ന്യൂനമര്‍ദമായി മാറി.അറബിക്കടലില്‍ പ്രവേശിച്ച്‌ രണ്ടു മൂന്നു ദിവസത്തിനകം മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ഷഹീന്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ഈ ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച രാവിലെ മറാത്ത് വാഡ, വിദര്‍ഭ എന്നിവിടങ്ങളിലേക്ക് നീങ്ങി വ്യാഴാഴ്ച വൈകീട്ടോടെ ന്യൂനമര്‍ദ്ദമാകുമെന്നാണ് വിലയിരുത്തല്‍.ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്. സെപ്റ്റംബര്‍ 30 വൈകീട്ടോടെ ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ തീവ്രമായേക്കുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു.അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, കൊങ്കണ്‍, മറാത്ത് വാഡ, സൗരാഷ്ട്ര, കച്ച്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. അടുത്ത രണ്ടു മൂന്ന് ദിവസങ്ങളില്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാളിലെ ഗംഗാതീരം, ഒഡീഷ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍, കേരളം, മാഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക