നാം കടന്നു പോകുന്ന കാലം വെല്ലുവിളികളുടെതാണ്… സാമ്പത്തിക സാമൂഹ്യ അരക്ഷിതാവസ്ഥയുടെതാണ്…. സ്വകാര്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെയും, വ്യാപാരി വ്യവസായികളുടെയും, ദിവസവേതനക്കാരുടെയും, കർഷകരുടെയും എല്ലാം സാമ്പത്തികസ്ഥിതി ഇന്ന് പരിതാപകരമാണ്. ദിനവും നാം കേൾക്കുന്നത് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരുടെ കഥകളാണ്. അത്രമാത്രം വലിയ ആഘാതമാണ് കോവിഡ് എന്ന മഹാമാരി നമ്മുടെ സമൂഹത്തിൽ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ മഹാമാരിയുടെ കാലത്തും ശമ്പള വർധനവും ആനുകൂല്യങ്ങളും മുടങ്ങാതെ ലഭിച്ച ഒരു സമൂഹമുണ്ട് കേരളത്തിൽ.സർക്കാർ ജീവനക്കാർ.

ഒന്നാം പിണറായി സർക്കാരിൻറെ അവസാന കാലഘട്ടത്തിൽ ടിഎം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കണക്കുകൾ പ്രകാരം കേരളം എന്ന സംസ്ഥാനത്തിന് മൊത്തം വരുമാനം 114970 കോടി രൂപയാണ്. ഇതിൽ 31510 കോടി രൂപ സർക്കാർ ചെലവഴിക്കുന്നത് സർക്കാർ ജീവനക്കാരുടെ ശമ്പള ഇനത്തിൽ ആണ്. 19012 കോടി രൂപയാണ് സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ഇനത്തിൽ ചിലവഴിക്കുന്ന തുക. അതായത് ഈ സംസ്ഥാനത്തിൻറെ മൊത്തം വരുമാനത്തിന് 44 ശതമാനവും ചിലവഴിക്കുന്നത് സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകുവാൻ വേണ്ടിയാണ്.ഇനി മറ്റൊരു പ്രധാന വിഷയം ഇത്തരത്തിൽ 44 ശതമാനം വരുമാനവും എത്ര ജീവനക്കാർക്ക് വേണ്ടിയാണ് സർക്കാർ ചിലവഴിക്കുന്നത് എന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണക്കുകൾ പ്രകാരം അഞ്ച് ലക്ഷത്തി ഇരുപതിനായിരം സർക്കാർ ജീവനക്കാരും, അഞ്ച് ലക്ഷത്തി മുപ്പതിനായിരം പെൻഷൻ കാരുമാണ് ഈ സംസ്ഥാനത്തുള്ളത്. അതായത് മൊത്തം പത്ത് ലക്ഷത്തി അമ്പതിനായിരം ആളുകൾക്ക് വേണ്ടിയാണ് സംസ്ഥാനത്തിന് ആക വരുമാനത്തിൽ 44 ശതമാനം തുകയും ചിലവാക്കുന്നത്. ഇവിടെ പരിഗണിക്കേണ്ട മറ്റൊരു കാരണം കൂടിയുണ്ട്. കേരളത്തിലെ മൊത്തം ജനസംഖ്യ ഏറ്റവും ആനുകാലിക കണക്കുകൾ പ്രകാരം ഏകദേശം മൂന്നുകോടി 58 ലക്ഷം ആണ്. അതായത് ആകെ കേരളജനതയുടെ മൂന്ന് ശതമാനത്തിൽ താഴെ വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളവും, സർവീസിൽ നിന്ന് റിട്ടയർ ചെയ്തവരുടെ പെൻഷനും നൽകുവാനാണ് മൊത്തം വരുമാനത്തിന് 44 ശതമാനം തുക ചെലവഴിക്കുന്നത്. അപ്പോൾ ചിലപ്പോൾ പറയും ജീവനക്കാർ മാത്രമല്ലല്ലോ അവരുടെ ആശ്രിതരും ഈ തുകകൊണ്ട് അല്ലേ ജീവിക്കുന്നത് എന്ന്.അങ്ങനെ കണക്കുകൂട്ടിയാൽ ഒരു ജീവനക്കാരനെ ആശ്രയിച്ച് നാലുപേർ കഴിയുന്നുണ്ട് എന്നിരിക്കട്ടെ. അപ്പോഴും ഈ സംസ്ഥാനത്തിന് 44 ശതമാനം വരുമാനം ചിലവഴിക്കപ്പെടുന്നത് ആകെ ജനസംഖ്യയുടെ 15 ശതമാനത്തിൽ താഴെ ആളുകൾക്ക് വേണ്ടി മാത്രമാണ്.

ആരാണ് ഈ 15 ശതമാനം ആളുകൾ.ജന സേവകരായി ഇരിക്കേണ്ടവർ.എന്നാൽ ആ ഉത്തരവാദിത്വം മറന്ന് ജനങ്ങളോട് കൈക്കൂലി ഭീഷണിപ്പെടുത്തി വാങ്ങുന്ന ഒരു വലിയ സമൂഹം ആളുകളെ സർക്കാർ ജീവനക്കാരിൽ ഉണ്ട് എന്ന് നാം മറക്കരുത്. സർക്കാർ ജോലി എന്ന അലങ്കാരത്തിന് പേരിൽ കോടിക്കണക്കിന് രൂപ സ്ത്രീധനമായി വിലപേശി വാങ്ങുന്നവരും ഈ ഗണത്തിൽ ഉണ്ട് എന്ന് നാം മറക്കരുത്. മരണ സർട്ടിഫിക്കറ്റിനും, ജാതി സർട്ടിഫിക്കറ്റിനും, വിധവാ പെൻഷനും, ദുരിതാശ്വാസ ഫണ്ടിന് വേണ്ടി നമ്മളെ 400 വട്ടം നടത്തിക്കുന്നവരും ഈ കൂട്ടത്തിൽ ആണുള്ളത്. വ്യാപാരികളെയും വ്യവസായികളെയും പിഴിഞ്ഞെടുക്കുന്ന. അവരുടെ പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും ചുവപ്പുനാടയിൽ കുരുക്കി ഇല്ലായ്മ ചെയ്യുന്ന വലിയൊരു സംഖ്യ ആളുകളും ഈ സർക്കാർ ജീവനക്കാരാണ്.

ലോക് ഡൗൺ കാലത്ത് ഒരു ദിവസം പോലും ജോലിക്ക് പോകാതെ മുഴുവൻ ശമ്പളവും ലഭിച്ചത് ഈ സർക്കാർ ജീവനക്കാർക്ക് ആണ്. ഇടതും വലതും മദ്യവും അടങ്ങുന്ന ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ ആരും തന്നെ ഇവരുടെ ശമ്പളം കുറയ്ക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നില്ല. ഇവരുടെ ശമ്പളത്തിൽ കുറവ് വരുത്തണമെന്ന് പറയുവാനുള്ള ആർജ്ജവം ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? ഈ സംസ്ഥാനത്തെ ജനങ്ങളുടെ 98 ശതമാനം ആളുകൾക്കും ലഭിക്കാത്ത ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ഇവർക്ക് വീണ്ടും വീണ്ടും ശമ്പളവും ആനുകൂല്യവും ഉത്സവബത്തയും നൽകുവാൻ വേണ്ടി കോടിക്കണക്കിന് രൂപ സംസ്ഥാനം കൊള്ളപ്പലിശയ്ക്ക് എടുക്കുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും അതിനെ ഒരുപോലെ അനുകൂലിക്കുന്നത് എന്തുകൊണ്ടാണ്.

ഇവിടെ നാം തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമുണ്ട്. ആവശ്യത്തിലേറെ അവകാശബോധം ഉള്ള ഒരു സംഘടിത വിഭാഗത്തെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് ഇവിടുത്തെ രാഷ്ട്രീയ വർഗ്ഗം നിലകൊള്ളുന്നത്. അസംഘടിതരായ വ്യാപാരിവ്യവസായിയും കൂലിപ്പണിക്കാരനും എല്ലാം അവർക്ക് തിരഞ്ഞെടുപ്പ് കാലത്തും സമ്മേളന കാലത്തും പിരിവു വാങ്ങുവാൻ ഉള്ള ഉപാധികൾ മാത്രമാകുമ്പോൾ ഇവിടെ പുലരുന്നത് ഭൂരിപക്ഷ ജനാധിപത്യമാണ് എന്നു പറയുന്നത് തന്നെ ഏറ്റവും വലിയ അബദ്ധം ആകുകയല്ലേ?  

മറ്റൊരു പ്രധാനപ്പെട്ട കാര്യം സ്ഥിരമായി കൃത്യമായി ലഭിക്കുന്ന ഭീമമായ ശമ്പളത്തിന് പുറമേ ഇതുവരെ പീഡിപ്പിക്കുവാൻ സർക്കാരുകൾ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ ഇതിനൊക്കെ പുറമേയാണ് എന്ന് നാം ഓർക്കണം. സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത കൊടുക്കുവാൻ ഈ ഓണക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ നീക്കിവെച്ചത് 311 കോടി രൂപയാണ്. ഓണം ഓഗസ്റ്റ് മാസത്തിലാണ്, ഏകദേശം അഞ്ച് മാസങ്ങൾ മുമ്പ് അതായത് തിരഞ്ഞെടുപ്പിനു മുമ്പ് നാലായിരത്തി 4850 കോടി രൂപ ഇവരുടെ ശമ്പള വർദ്ധനവിനായി മാറ്റിവെച്ച് അതിനു പുറമേയാണ് ഈ ചിലവ് എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രസക്തം.

തൊഴിൽ നഷ്ടവും വരുമാന നഷ്ടവും കടബാധ്യതയും മൂലം മുപ്പതിലധികം ആത്മഹത്യകൾ ഈ അടുത്ത നാളുകളിൽ ഈ സംസ്ഥാനത്ത് ഉണ്ടായി. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് വേണ്ടി എന്തെങ്കിലും ഒരു പദ്ധതി പ്രഖ്യാപിക്കാത്ത സർക്കാരാണ് സർക്കാർ ഉദ്യോഗസ്ഥരെ ഇങ്ങനെ പരിപാലിക്കുന്നത്. 

ഇനി നാം ചില അന്താരാഷ്ട്ര കണക്കുകൾ പരിശോധിക്കേണ്ടതുണ്ട്. ഒരു രാജ്യത്തെ പൗരൻറെ ശരാശരി വരുമാനവും, അവിടുത്തെ സർക്കാർ ജീവനക്കാരുടെ വരുമാനവും താരതമ്യപ്പെടുത്തുന്നു ചില കണക്കുകൾ. അങ്ങനെ നോക്കിയാൽ വിയറ്റ്നാമിൽ സാധാരണ പൗരന്മാരുടെ ശരാശരി വരുമാനം 100 രൂപയാണെങ്കിൽ അതിന് ആനുപാതികമായി കണക്കാക്കുമ്പോൾ 90 രൂപയാണ് സർക്കാർ ജീവനക്കാർക്ക് ആ രാജ്യം ശമ്പളയിനത്തിൽ നൽകുന്നത്. ചൈനയിൽ ഇത് 100 രൂപയ്ക്ക് 110 രൂപയാണ്. പക്ഷേ ഇന്ത്യയിലേക്ക് വരുമ്പോൾ കാര്യങ്ങൾ വളരെയധികം വ്യത്യസ്തമാണ്. ഇന്ത്യയിലെ ശരാശരി പൗരൻറെ 100 രൂപ വരുമാനത്തിന് ആനുപാതികമായി സർക്കാർജീവനക്കാർക്ക് ഇവിടെ ലഭിക്കുന്നത് 700 രൂപയാണ്.  

സ്വാഭാവികമായും ഇവിടെയുള്ള മറ്റ് തൊഴിൽ മേഖലകളോടും, സംരംഭകരോടും സാമ്പത്തികമായി നീതി പുലർത്തുവാൻ അതുകൊണ്ടുതന്നെ സർക്കാരിന് സാധിക്കുന്നില്ല എന്ന് നമുക്ക് നിസ്സംശയം പറയാം. 500 രൂപയുടെ യോ 600 രൂപയുടെയോ കിറ്റ് കൊടുത്തിട്ട് അതൊരു മഹാ കാര്യമാണ് എന്ന് അവകാശപ്പെടുന്നത് ബാലിശമാണ് എന്നാണ് പറയാനുള്ളത്. കിറ്റ് കൊടുക്കുന്നത് മോശം കാര്യമല്ല, പക്ഷേ ഇതിനേക്കാൾ എത്രയോ മെച്ചപ്പെട്ട സഹായഹസ്തം സർക്കാരിന് കൊടുക്കാൻ സാധിക്കും എന്നാണ് ചോദിക്കുന്നത്. എവിടെ നിന്ന് പണം കണ്ടെത്തും എന്ന ചോദ്യത്തിന് നിസാരമാണ് മറുപടി.സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ, എല്ലാവരുടെയും വേണ്ട. ശമ്പളവും ഡിഎയും ഉൾപ്പെടെ 50,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്നവരുടെ ശമ്പളം ഒരു 10% കുറയ്ക്കണം.പെൻഷൻ തുക പരമാവധി 30000മോ 40000മോ ആയി നിജപ്പെടുത്തണം. എന്നിട്ട് ഇവിടുത്തെ സാധാരണ പൗരന് ജനങ്ങൾ അടയ്ക്കുന്ന നികുതി പണം കൊണ്ടുണ്ടാകുന്ന വരുമാനത്തിൽ 15 ശതമാനം എങ്കിലും അവരുടെ ക്ഷേമത്തിനുവേണ്ടി മാറ്റിവെക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക