നഗരസഭയില്‍ യു ഡി എഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തെ ബി ജെ പി പിന്തുണയ്ക്കും. ബി ജെ പിയുടെ എട്ട് അംഗങ്ങള്‍ക്കും വിപ്പ് നല്‍കി. നേരത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ യു ഡി എഫ് തീരുമാനിച്ചിരുന്നു. ഡി സി സി പ്രസിഡന്റ് നേരിട്ടാണ് യു ഡി എഫ് അംഗങ്ങള്‍ക്കു വിപ്പ് നല്‍കിയത്. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹര്യത്തിലാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. ഭരണസ്തംഭനം ആരോപിച്ചാണ് എല്‍ ഡി എഫ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.

യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങള്‍ വീതമാണ് കോട്ടയം നഗരസഭയിലുള്ളത്. അതിനാല്‍ തന്നെ എട്ട് അംഗങ്ങളുള്ള ബി ജെ പിയുടെ നിലപാട് നിര്‍ണായകമാണ്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച്‌ വിജയിച്ച ശേഷം യുഡിഎഫില്‍ തിരിച്ചെത്തിയ ബിന്‍സി സെബാസ്റ്റ്യനാണ് നഗരസഭ ചെയര്‍പേഴ്സന്‍. ബിന്‍സി ചെയര്‍പേഴ്സണ്‍ ആകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. ആകെ 52 അംഗങ്ങള്‍ ഉള്ള നഗരസഭയില്‍ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസ്സാവാന്‍ വേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവിശുദ്ധ കൂട്ടുകെട്ട് ഇല്ല; നഗരസഭയിൽ യുഡിഎഫിനെതിരെ ആദ്യം പ്രതിഷേധമുയർത്തിയത് ബിജെപി: ബിജെപി ജില്ലാ പ്രസിഡൻറ്

നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിനിടെ എല്‍.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ ബി.ജെ.പി പിന്തുണയ്ക്കുമെന്ന് ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യൂ. യു.ഡി.എഫ് ഭരണത്തിനെതിരെ ആദ്യമായി പ്രതിഷേധം ഉയര്‍ത്തിയത് ബി.ജെ.പിയാണ്. അധ്യക്ഷയുടെ ഭരണപരിചയമില്ലായ്മ, യു.ഡി.എഫിലെ തമ്മില്‍ തല്ല് മൂലം ഭരണത്തകര്‍ച്ച, ബി.ജെ.പി അംഗങ്ങളുടെ വാര്‍ഡുകളോടുള്ള അവഗണന എന്നിവയ്‌ക്കെതിരെ ബി.ജെ.പി നേരത്തെ മുതല്‍ പ്രതിഷേധത്തിലായിരുന്നു.

അവിശ്വസത്തെ പിന്തുണയ്ക്കുന്നതില്‍ അവിശുദ്ധ കൂട്ടുകെട്ടില്ല. അവിശുദ്ധ കൂട്ടുകെട്ട് ഈരാറ്റുപേട്ടയില്‍ എല്‍.ഡി.എഫും എസ്.ഡി.പി.ഐയും തമ്മിലാണ്. അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുമെന്നും നോബിള്‍ മാത്യൂ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ കൂടി അംഗീകാരത്തോടെയാണ് അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും എതിത്തും ബി.ജെ.പി രണ്ട് തരം വിപ്പ് തയ്യാറാക്കിയിരുന്നു. സംസ്ഥാന നേതൃത്വം കൂടി അംഗീകരിച്ചതോടെയാണ് യു.ഡി.എഫിനെതിരെ രംഗത്തുവരാന്‍ ജില്ലാ ഘടകം തീരുമാനിച്ചത്.ബി.ജെ.പിയുടെ എട്ട് അംഗങ്ങള്‍ പിന്തുണയ്ക്കുന്നതോടെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 30 ആകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക