കാബൂള്‍: കാബൂള്‍ വിമാത്താവളത്തിലുണ്ടായ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ പ്രത്യാക്രമണത്തില്‍ ഗുരുതരമായ പിഴവ് സംഭവിച്ചതായി അമേരിക്കയുടെ കുറ്റസമ്മതം.

ഐഎസ് സായുധരെന്ന് കരുതി ഡ്രോണുകള്‍ ആക്രമിച്ച്‌ കൊലപ്പെടുത്തിയത് കുട്ടികള്‍ ഉള്‍പ്പടെ ഒരുകുടുംബത്തിലെ 10 പേരെയാണെന്ന് യുഎസ് സമ്മതിച്ചു. നിരീക്ഷണ ഡ്രോണുകള്‍ക്ക് പറ്റിയ പിഴവാണ് കാരണമെന്നാണ് വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെന്‍ട്രല്‍ കമാന്‍ഡ് അന്വേഷണത്തിലാണ് പിഴവ് വ്യക്തമായത്. കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ചാവേറിനെ ഇല്ലാതാക്കി എന്നായിരുന്നു യുഎസ് ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സമെയ്‌രി അക്ദമി എന്നയാളും കുടുംബവുമാണ് യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈന്യത്തിന്റെ പരിഭാഷകനായിരുന്നു സമെയ്‌രി അക്ദമി. എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കി അമേരിക്കയിലേക്ക് പുറപ്പെടാനിക്കെയാണ് അതേ രാജ്യത്തിന്റെ ഡ്രോണുകള്‍ സമെയ്‌രി അക്ദമിയെയും കുട്ടികള്‍ ഉള്‍പ്പടെ കുടുംബത്തിലെ 10 പേരെയും കൂട്ടക്കൊല ചെയ്തത്.

കാറിന്റെ ഡിക്കിയില്‍ വെള്ളം കയറ്റിവെക്കുകയായിരുന്നവരെ ആക്രമണത്തിനൊരുങ്ങുന്ന സായുധര്‍ എന്ന് കരുതി ആക്രമിച്ച യുഎസ് ഡ്രോണുകളുടെ കൃത്യത സംബന്ധിച്ച്‌ സംശയങ്ങള്‍ ശക്തമായിട്ടുണ്ട്. അഫ്ഗാന്‍ അധിനിവേശ കാലത്തും ഡ്രോണ്‍ ഉപയോഗിച്ച്‌ യുഎസ് വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരെ ഇത്തരത്തില്‍ യുഎസ് ഡ്രോണുകള്‍ കൊന്നൊടുക്കിയിരിക്കാം എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക