തിരുവനന്തപുരം: കോവി‍‍ഡ് പ്രതിരോധത്തിന് കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. അടിയന്തര കോവിഡ് പ്രതിരോധ പാക്കേജിനു (ഇസിപിആര്‍) കീഴില്‍ ഉള്‍പ്പെടുത്തി തുക അനുവ​ദിക്കും. രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ നേരത്തേ അനുവദിച്ചതിനു പുറമെയാണിതെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ജില്ലകള്‍ക്കും അവരുടെ മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കുന്നതിനാണ് ഒരു കോടി വീതം അനുവദിക്കുക.

കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ ആശുപത്രികളില്‍ പീഡിയാട്രിക് ഐസിയുകള്‍ രൂപീകരിക്കണമെന്നു അദ്ദേഹം നിര്‍ദേശിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ടെലി മെഡിസിന്റെ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതും ഉറപ്പാക്കും. കുട്ടികളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കി എല്ലാ ജില്ലാ ആശുപത്രികളിലൂം 10 കിലോ ലീറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ സംഭരണ ടാങ്ക് സൗകര്യത്തോടെ പീഡിയാട്രിക് ഐസിയു സ്ഥാപിക്കും. കേരളത്തില്‍ ഓണം ആഘോഷിക്കുന്ന വേളയില്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും മാണ്ഡവ്യ അഭ്യര്‍ഥിച്ചു. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുന്‍പ് മാണ്ഡവ്യ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക